എരുമേലി: ശബരിമല തീർത്ഥാടകരുടെ കാർ തകർത്ത് 50,000 രൂപയും, ഏഴ് ഫോണുകളും കവർന്ന കേസിലെ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു . മോഷണവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജുവൈനൽ കോടതിയിൽ ഹാജരാക്കി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പൊലീസുകാരന്റെ മകൻ പ്രധാന പ്രതിയായ മോഷണക്കേസിന്റെ അന്വേഷണത്തിൽ പൊലീസ് അലംഭാവം കാട്ടുന്നതായാണ് ആരോപണം. ജനുവരി 1 ന് പുലർച്ചെ എരുമേലി ഓരുങ്കൽ കടവിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പാർക്കുചെയ്തിരുന്ന ശബരിമല തീർത്ഥാടകരുടെ കാറിന്റെ ഗ്ലാസ് തകർത്താണ് മോഷണം നടത്തിയത്.
കഴിഞ്ഞ ദിവസം പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചെങ്കിലും പ്രായപൂർത്തിയാകാത്തവരെ മാത്രമാണ് പൊലീസ് പിടികൂടിയത്.

മോഷ്ടിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ നീക്കമാണ് പ്രതികളെ സംബന്ധിച്ചുള്ള സൂചന ലഭിക്കാൻ വഴിയൊരുക്കിയത്. അറസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുൻപ് പ്രദാന പ്രതി ഒളിവിൽ പോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.