 
അടിമാലി: ഒട്ടുമിക്ക കാർഷികോത്പന്നങ്ങളുടെയും വില കൂപ്പ് കുത്തുമ്പോൾ ജാതിക്കായ്ക്കും ജാതി പത്രിക്കും സമീപ കാലയളവിലെ ഉയർന്ന വില ലഭിക്കുന്നതിന്റെ ആശ്വാസത്തിലാണ് ഹൈറേഞ്ചിലെ കർഷകർ.ഏറ്റവും ഗുണമേന്മ കൂടിയ ജാതിപത്രിക്ക് 2000ത്തിന് മുകളിലും ജാതിക്കായ്ക്ക് നാനൂറിനടുത്തും വില ലഭിക്കുന്നുണ്ടെന്ന് കർഷകർ പറഞ്ഞു.2018ലെ പ്രളയാനന്തരം പലകർഷകരുടെയും കൃഷിയിടങ്ങളിൽ ജാതി മരങ്ങൾ ഉണങ്ങി നശിച്ചിരുന്നു.ദീർഘവിളയെന്നതിനൊപ്പം വരുമാന സ്ഥിരതയും കർഷകരെ കൂടുതലായി ജാതി കൃഷിയിലേക്കാകർഷിക്കുന്നുണ്ട്.ഇതിനൊപ്പമാണ് കർഷകർക്ക് പ്രതീക്ഷ നൽകി കഴിഞ്ഞ കുറച്ച് നാളുകളായി ജാതിക്കായുടെ വിലയും ഉയർന്ന് നിൽക്കുന്നത്.വേനൽ കനത്ത് തുടങ്ങിയതോടെ ജാതിമരങ്ങൾ പരിപാലിക്കുന്ന തിരക്കിലാണ് ഹൈറേഞ്ചിലെ കർഷകർ.വേനൽ കനക്കുന്ന കാലയളവിൽ ജാതിമരങ്ങൾ നനക്കുവാൻ മതിയായ സൗകര്യമുണ്ടെങ്കിൽ ഉത്പ്പാദനത്തിൽ വർദ്ധനവുണ്ടാകും.ഏലത്തിന്റെയും കുരുമുളകിന്റെയും വില ചാഞ്ചാടി നിൽക്കുമ്പോൾ ജാതി കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് പല കർഷക കുടുംബങ്ങളേയും മുമ്പോട്ട് കൊണ്ടു പോകുന്നത്.തെങ്ങും കമുകും പോലുള്ള കൃഷികൾക്കിടയിൽ ജാതി ഇടവിളയായി കൃഷിയിറക്കാമെന്നതും ജാതി കൃഷിക്ക് കർഷകർക്കിടയിൽ സ്വീകാര്യത വർദ്ധിപ്പിക്കുന്നു.