പാലാ: കഴിഞ്ഞ ഒരു വർഷത്തെ ജനകീയ വികസന നേട്ടങ്ങളുടെ സന്തോഷച്ചിരി കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും എൻജിനീയറിംഗ് കേളേജ് അദ്ധ്യാപികയുമായി നിമ്മി ട്വിങ്കിൾരാജിന്റെ മുഖത്തുണ്ട്. 95 ശതമാനം പദ്ധതി നിർവഹണം നടത്തുകയും 100 ശതമാനത്തിനുമേൽ നികുതി പിരിക്കുകയും ചെയ്ത് മാതൃകാ പഞ്ചായത്താകാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിമ്മി ട്വിങ്കിൾരാജ് 'കേരളകൗമുദി 'യോട് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് വികസന പദ്ധതികൾ പൂർത്തീകരിക്കുന്നത്. ഒരുകോടിയോളം രൂപ മുടക്കി രണ്ട് റോഡുകളുടെ പണികൾ പൂർത്തിയാക്കി.

പഞ്ചായത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 35 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. പലതും പൂർത്തീകരിച്ചു. ചിലതിന്റെയൊക്കെ നവീകരണ ജോലികൾ പുരോഗമിക്കുകയാണ്.

ടേക്ക് എ ബ്രേക്ക് ശൗചാലയനിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചു. 101 ആശ്രയ കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന കാരുണ്യപദ്ധതി കൊഴുവനാൽ പഞ്ചായത്തിനെ ജനകീയമാക്കുന്നു. വയോജനങ്ങൾക്കായി 65 കട്ടിലുകൾ വിതരണം ചെയ്തു.

പഞ്ചായത്തിലാകെ സൗജന്യമായി പച്ചക്കറി വിത്തും തൈവിതരണവും നടത്തി. മേൽത്തരം ഫലവൃക്ഷത്തൈകളുടെ വിതരണവും കാര്യക്ഷമമായി നടത്തി. സ്‌കൂളുകളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സൗജന്യമായി തൈ നല്കിയതിനു പുറമേ ഗ്രോബാഗും സൗജന്യമായി വിതരണം ചെയ്തു. ക്ഷീരകർഷകർക്ക് പാലിന് ഇൻസെന്റീവായി 7 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. വെറ്ററിനറി ഡിസ്‌പെൻസറിയുടെ പുതിയ കെട്ടിടസമുച്ചയം കാലികർഷകർക്ക് പ്രയോജനകരമാണ്.

സഹായം ഉറപ്പാക്കി

പാവപ്പെട്ട രോഗികൾക്കും സഹായം എത്തിച്ചു. പാലിയേറ്റീവ് കെയർ വഴി 100 രോഗികൾക്ക് വീടുകളിൽ ചെന്ന് പരിചരണം ഒരുക്കുകയാണ്. കൊവിഡ് കാലത്തെ കമ്മ്യൂണിറ്റി കിച്ചണും ഭക്ഷ്യകിറ്റ് വിതരണവും മികച്ച രീതിയിൽ നടത്തി. അടിയന്തിര സാഹചര്യത്തിൽ പുനരാരംഭിക്കാൻ പഞ്ചായത്ത് തയാറാണ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 98 ശതമാനം ഫസ്റ്റ് സ്റ്റേജ് വാക്‌സിനേഷൻ പൂർത്തീകരിച്ചു. 98 ശതമാനം വീടുകളിലും ഹോമിയോ പ്രതിരോധ മരുന്ന് എത്തിച്ചു. കൊവിഡ് രോഗികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തി. കൊഴുവനാൽ പി.എച്ച്.സി.യെ ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്താൻ 40 ലക്ഷത്തോളം രൂപയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.

വെളിച്ചമായി

പഞ്ചായത്തിലാകെ 323 സ്ട്രീറ്റ് ലൈറ്റുകൾ പുതുതായി സ്ഥാപിച്ചു. 700 തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കി.

ശുദ്ധജലവിതരണത്തിനായി ജലനിധി വഴി 35 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. 46 പേർക്ക് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാനും 8 പേർക്ക് സ്ഥലം വാങ്ങാൻ സഹായം നൽകി. 18 ലക്ഷം രൂപയുടെ ഭവന പുനരുദ്ധാരണ പദ്ധതികൾ നടപ്പിലാക്കി.
ദേശീയ തൊഴിലുറപ്പ് പദ്ധയിൽപെടുത്തി 1 കോടി 58 ലക്ഷം രൂപയുടെ വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ചെയ്തു.

ഭരണ പ്രതിപക്ഷ മെമ്പർമാരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനഫലമായാണ് ഈ നേട്ടങ്ങളെല്ലാം ഉണ്ടാക്കിയത്. പുതിയ സാമ്പത്തിക വർഷവും വികസനകാലം തീർക്കാനൊരുങ്ങുകയാണ് ഞങ്ങൾ''.

നിമ്മി ട്വിങ്കിൾരാജ്
പ്രസിഡന്റ്
കൊഴുവനാൽ ഗ്രാമപഞ്ചായത്ത്


ഫേട്ടോ അടിക്കുറിപ്പ്
1. കൊഴുവനാൽ പഞ്ചായത്ത് മന്ദിരം
2. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ്‌