പാലാ : ജനറൽ ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ പോരായ്മ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചതായി പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. ഇന്നലെ ചേർന്ന പാലാ നഗരസഭ കൗൺസിൽ യോഗത്തിലാണ് ചെയർമാൻ ഇക്കാര്യം അറിയിച്ചത്. ''ജനറൽ ആശുപത്രിയിൽ എന്തു സുരക്ഷ''? എന്ന തലക്കെട്ടിൽ ജനറൽ ആശുപത്രിയിലെ സുരക്ഷാ പോരായ്മകളെക്കുറിച്ചും ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ഇറങ്ങിപ്പോയത് സെക്യൂരിറ്റി ജീവനക്കാർ അറിയാത്ത സംഭവത്തെക്കുറിച്ചും 'കേരള കൗമുദി ' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത ചൂണ്ടിക്കാട്ടി നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീഷ് ചൊള്ളാനിയാണ് വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ചികിത്സയിലുള്ള രോഗി ഇറങ്ങിപ്പോയത് ഗുരുതരമായ സംഭവമാണെന്നും ഇക്കാര്യത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം തേടണമെന്നും ഉത്തരവാദികളായ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പ്രൊഫ.സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു. വിഷയത്തിൽ ജനറൽ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയതായി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര കൗൺസിലിനെ അറിയിച്ചു. വിഷയത്തിൽ രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് കത്തു നൽകുമെന്നും ചെയർമാൻ പറഞ്ഞു.
വഴിവിളക്കുകൾ നന്നാക്കും
പാലാ: കൊച്ചിടപ്പാടി വാർഡിലെ വഴിവിളക്കുകൾ തിങ്കളാഴ്ച നന്നാക്കുമെന്ന് ചെയർമാൻ കൗൺസിലിനെ അറിയിച്ചു. തന്റെ വാർഡിലെ വഴിവിളക്കുകൾ നന്നാക്കുന്നതിൽ ഭരണനേതൃത്വവും കരാറുകാരനും അലംഭാവം കാണിക്കുന്നതിൽ പ്രതിഷേധിച്ച് കൊച്ചിടപ്പാടി വാർഡ് കൗൺസിലർ സിജി ടോണി കഴിഞ്ഞദിവസം മെഴുകുതിരി കത്തിച്ച് സമരം നടത്തിയിരുന്നു. പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെയും ടൗൺ ബസ് സ്റ്റാൻഡിലെയും സാമൂഹ്യവിരുദ്ധ ശല്യം തടയാൻ പൊലീസിന് രേഖാമൂലം കത്ത് നൽകുമെന്ന് ചെയർമാൻ അറിയിച്ചു.