പാലാ: തലപ്പലം പഞ്ചായത്തിലെ ഇഞ്ചോലിക്കാവ് നിവാസികളുടെ ദീർഘനാളത്തെ ആവശ്യത്തിന് സാക്ഷാൽക്കാരം. പനയ്ക്കപ്പാലത്തു നിന്നും തലപ്പുലം ഇഞ്ചോലിക്കാവ്, ഹരിജൻ വെൽഫെയർ സ്‌കൂൾ ഭാഗത്തേക്കുള്ള റോഡിന് പ്രവേശനം, ഇനി പാലാ പൂഞ്ഞാർ ഹൈവേയിൽ നിന്നും നേരിട്ടാവും. പനയ്ക്കപ്പാലം വെയിറ്റിംഗ് ഷെഡിനു എതിർവശത്തു നിന്നും ഞള്ളമ്പുഴ കെട്ടിടത്തിനു സമീപത്തുകൂടി നിലവിലുള്ള തെക്കേടം ഞള്ളംപുഴ നടപ്പാത വീതി കൂട്ടിയാണ് ഇത് സാധ്യമാക്കിയത്.
നിലവിൽ പ്ലാശനാൽ റോഡിൽ നിന്നും ആരംഭിക്കുന്ന റോഡിന് വീതിക്കുറവും കുത്തനെ കയറ്റവും വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടായിരുന്നു. ഇതോടെ ഇതിന് പരിഹാരമായതായി നാട്ടുകാർ പറഞ്ഞു. നടപ്പാത വീതികൂട്ടിയുള്ള റോഡ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു. യാത്രാ സൗകര്യങ്ങൾ പുരോഗതിയിലേയ്ക്കുള്ള ചുവടുവെയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, പഞ്ചായത്ത് മെമ്പർമാരായ ബിജു കെ.കെ, സുരേഷ് പി.കെ, ബ്ലോക്ക് മെമ്പർ മേഴ്‌സി മാത്യു, ആർ.പ്രേംജി, അപ്പച്ചൻ മുതലക്കുഴി, ജെയിംസ് മാത്യു പൂവത്തുംങ്കൽ, തങ്കച്ചൻ, ജോയി വലിയമംഗലം, എൻ ടി ലൂക്കാ ഞള്ളംപുഴ തുടങ്ങിയവർ പങ്കെടുത്തു.