beach

കോട്ടയം : കാവാലിപ്പുഴ ബീച്ച് സഞ്ചാരികൾക്കായി ഒരുങ്ങി. പ്രകൃതി സൗന്ദര്യം കൊണ്ടും മണൽപരപ്പുകൊണ്ടും ഇരുന്നറോളം മീറ്റർ നീളത്തിലും നൂറുമീറ്റർ വീതിയിലുമായി അരയേക്കറോളം ഭാഗത്തുള്ള കിടങ്ങൂർ കാവാലിപ്പുഴ കടവ് മിനി ബീച്ച് വിനോദ സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു. വെള്ളപ്പൊക്കത്തിന് ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങളും, മരക്കഷണങ്ങളും, പുല്ലുകളും, പാഴ്‌ചെടികളും വളർന്ന് ഇവിടം വൃത്തിഹീനമായിരുന്നു.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബീച്ചിലെ മാലിന്യങ്ങൾ പാലാ പയനിയേഴ്‌സ് ക്ലബ് നീക്കം ചെയ്തു. 2018 ൽ മീനച്ചിലാർ കരകവിഞ്ഞപ്പോഴാണ് ഒഴുകിയെത്തിയ പഞ്ചസാര മണൽതിട്ട പ്രകൃതി സംരക്ഷകനും ഫേട്ടോഗ്രാഫറുമായ രമേശ് കിടങ്ങൂരിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കടന്നിരിക്കാം നമുക്കീ കാവാലിപ്പുഴകടവിൽ എന്ന പദ്ധതിയിലൂടെ മാലിന്യവും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടിയ പ്രദേശം വൃത്തിയാക്കി. സഞ്ചാരികളെ ആകർഷിക്കാൻ പുഴയോരത്ത് കടത്തുണ്ട്. മുളകൊണ്ടും തെങ്ങുംതടികൊണ്ടും ഇരിപ്പിടങ്ങളുമുണ്ടാക്കി. മണൽതിട്ടയോടു ചേർന്നുള്ള മരത്തിൽ ഊഞ്ഞാലുകളും പുനസ്ഥാപിച്ചു.

എത്തിച്ചേരാനുള്ള വഴി

കിടങ്ങൂർ പാലാ റോഡിൽ കിടങ്ങൂർ ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ വലത്തോട്ട് തിരിഞ്ഞാൽ കാവാലിക്കടവിലെത്താം. കിടങ്ങൂർ അമ്പലത്തിനു സമീപത്തു നിന്നും ചെമ്പിളാവ് റൂട്ടിൽ ഉത്തമേശ്വരം അമ്പലം കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞാൽ കടവിലെത്തിച്ചേരാം.

ബീച്ചിന്റെ പ്രവർത്തനങ്ങളും നിലനിറുത്തുന്നതിന് പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ട സഹായങ്ങൾ ചെയ്യണം. സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടി കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം.

രമേശ് കിടങ്ങൂർ