cov

കോട്ടയം : കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയെങ്കിലും നിയന്ത്രണം കടലാസിൽ മാത്രം ഒതുങ്ങി. സിനിമാ തിയേറ്ററും, നീന്തൽക്കുളവും, ജിംനേഷ്യവും അടച്ചതൊഴിച്ചാൽ കടുത്ത നിയന്ത്രണങ്ങളൊന്നുമില്ല. എവിടെയും ആൾക്കൂട്ടം മാത്രം. ആരാധനാലയങ്ങൾക്ക് നിയന്ത്രണവും മദ്യശാലകൾ തുറക്കാൻ അനുമതി കൊടുത്തതിലും പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിനെതിരെ ചെറുവിരലനക്കാൻ പോലും പൊലീസിനായില്ല. ക്ഷേത്രങ്ങളിലും, പള്ളികളിലും തിരക്കിന് കുറവൊന്നുമില്ല. വിവാഹ ചടങ്ങുകൾക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാവൂ എന്ന് നിർദ്ദേശമുണ്ടെങ്കിലും പലയിടങ്ങളിലും മുന്നൂറിലധികം ആളുകളാണുള്ളത്. മാളുകളും സൂപ്പർമാർക്കറ്റുകളും ഒരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുകയാണ്. കൊവിഡിന്റെ തുടക്കത്തിൽ സോപ്പും വെള്ളവും സാനിറ്റൈസറും സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നെങ്കിൽ അതുമില്ലാതായി. ഹോട്ടലുകളിൽ ഇരുന്നു കഴിക്കുന്നവരുടെ എണ്ണത്തിലും കുറവില്ല. പലരും മാസ്ക് താടിയ്ക്ക് കീഴെ വച്ച് നഗരത്തിലൂടെ നിർബാധം നടക്കുമ്പോൾ പൊലീസ് നോക്കുകുത്തിയാകുകയാണ്. ലോക്ക് ഡൗൺ സമാനമായ നിയന്ത്രണമുള്ള ഞായറഴ്ച മാത്രമാണ് പോരിനെങ്കിലും പരിശോധനയുള്ളത്.

ജാഗ്രതാ സമിതിയും നിർജീവം

മിക്ക ആശുപത്രികളും കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞു. മറ്റു രോഗ പരിശോധനയ്ക്ക് ആശുപത്രികളിലെത്തിയാൽ കൊവിഡ് പിടിപെടുന്ന സ്ഥിതിയാണ്. ലാബുകളും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്ന സെന്ററുകളും രോഗം പരത്തുന്ന അവസ്ഥയിലാണ്. നിത്യേനയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിലും കൃത്യതയില്ല.

സി കാറ്റഗറിയിലായതോടെ കടുത്ത നിയന്ത്റണം ഏർപ്പെടുത്താനും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗം വരാതിരിക്കാൻ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് ജനങ്ങളാണ്.

ഡോ. പി.കെ.ജയശ്രീ, ജില്ലാ കളക്ടർ