
കോട്ടയം : കൊവിഡ് സ്വയം പരിശോധിക്കാനുള്ള റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് വിപണിയിൽ സുലഭമായതോടെ ഇത്തരത്തിൽ പരിശോധന വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ആധികാരികത ഉറപ്പായിട്ടില്ല. നിരവധി പേരാണ് ആന്റിജൻ ടെസ്റ്റ് കിറ്റ് അന്വേഷിച്ച് മെഡിക്കൽ സ്റ്റോറുകളിലെത്തുന്നത്. ഓൺലൈനിൽ നിന്ന് വാങ്ങുന്നവരും നിരവധിയാണ്. പോസിറ്റീവായവർ അധികൃതരെ പോലും വിവരം അറിയിക്കുന്നില്ല. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആന്റിജൻ പരിശോധന സ്വകാര്യ ലാബുകൾ അടക്കം നിറുത്തിവച്ചിരിക്കുകയാണ്. ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് മാത്രമാണ് ആധികാരികത.
റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന കൃത്യമായി നടത്തിയില്ലെങ്കിൽ ഫലം വിപരീതമാകും. സ്വയംപരിശോധിച്ച ഫലം നെഗറ്റീവ് ആകുകയും രോഗ ലക്ഷണങ്ങൾ നിലനിൽക്കുകയും ചെയ്താൽ അപകടമാണ്. നെഗറ്റീവാണെന്ന് കരുതി പുറത്തിറങ്ങി നടന്നാൽ കൂടുതൽ പേരിലേക്ക് വീണ്ടും രോഗം വ്യാപിക്കും. കൊവിഡിന് കാരണമാകുന്ന വൈറസിന്റെ അംശം കുറവാണെങ്കിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവാകും കാണിക്കുക. ഈ വ്യക്തിയ്ക്ക് രണ്ട് ദിവസം കഴിഞ്ഞാകും പൂർണമായും രോഗലക്ഷണങ്ങൾ കണ്ടെത്തുന്നത്.
പതിനഞ്ച് മിനിറ്റിനുള്ളിൽ ഫലം അറിയാമെങ്കിലും പോസിറ്റീവായാലും നെഗറ്റീവായാലും ആർ.ടി.പി.സി.ആർ പരിശോധന നടത്തി സ്ഥിരീകരിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
വിപണിയിൽ 250, ഓൺലൈനിൽ 199
ടെസ്റ്റ് കിറ്റിന് 250 രൂപയാണ് വിപണി വില. ഓൺലൈനിൽ 199 രൂപയും. ലക്ഷണങ്ങളുള്ളവർ ആശുപത്രിയിലോ ലാബുകളിലോ പരിശോധിക്കാതെ മെഡിക്കൽ സ്റ്റോറിലെത്തി കിറ്റുകൾ വാങ്ങുകയാണ്.