കോട്ടയം: കുന്നോളം മാലിന്യം... കോട്ടയം നഗരത്തിലെ മാലിന്യപോയിന്റുകളിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. മാലിന്യം സംസ്‌കരണത്തിന് മതിയായ സംവിധാനമില്ലാത്തത് നഗരത്തിൽ മാലിന്യപ്രശ്നം വീണ്ടും രൂക്ഷമാക്കുകയാണ്.

നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായ വടവാതൂർ ഡംമ്പിംഗ് യാർഡ് അടച്ചു പൂട്ടിയതിനുശേഷം മാലിന്യ സംസ്‌കരണത്തിന് യാതൊരു സംവിധാനവും നിലവിലില്ല. മാലിന്യ സംസ്‌കരണത്തിനു വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല. ഇതോടെ നഗരത്തിലെ മാലിന്യ പോയിന്റുകൾ നിറഞ്ഞു കവിഞ്ഞു. അഴുകിയ മാലിന്യങ്ങൾ നടുറോഡിൽ കിടക്കുന്നത് നിത്യകാഴ്ചയാണ്. ക്ലീൻ കേരള കമ്പനിക്ക് കൈമാറാൻ നഗരസഭ ശേഖരിക്കുന്ന മാലിന്യങ്ങൾ പലയിടത്തും കൂനകൂടിയ നിലയിലാണ്. നാഗമ്പടം കുര്യൻ ഉതുപ്പ് റോഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോറി സ്റ്റാൻഡിനുള്ളിലാണ് നഗരസഭയുടെ വാഹനത്തിൽ മാലിന്യമെത്തിച്ചുതള്ളുന്നത്. വിവിധതരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, പ്ലാസ്റ്റിക്ക് കവറുകൾ, പേപ്പർ, ചില്ലുപാത്രങ്ങൾ, ജീർണിച്ച വസ്തുക്കൾ ഉൾപ്പെടെയുള്ളവ അലക്ഷ്യമായി കൂട്ടിയിട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ മാലിന്യകൂനക്ക് തീപിടിച്ചതിനെ തുടർന്ന് സമീപത്തെ പുസ്തക കടകൾ ഉൾപ്പെടെ നശിച്ചിരുന്നു.

അപകടസാധ്യത

വേനൽ ചൂടിൽ ചവറിന് തീ പിടിച്ചാൽ അപകടസാധ്യത ഏറെയാണ്. തൂമ്പൂർമൂഴി മോഡൽ പ്രോജക്ട് പലയിടത്തും സ്ഥാപിച്ചെങ്കിലും മാലിന്യ സംസ്‌ക്കരണം നടക്കുന്നില്ല. പലയിടത്തായി മാലിന്യം കുഴിച്ചുമുടുകയാണ് ചെയ്യുന്നത്.