
കോട്ടയം : വേനൽ ശക്തമാകുന്ന സാഹചര്യത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കുടിവെള്ളലഭ്യത ഉറപ്പാക്കാനും ജലഅതോറിറ്റിയ്ക്ക് ജില്ലാ വികസനസമിതിയുടെ നിർദ്ദേശം. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി കൂടിയ യോഗത്തിലാണ് എം.എൽ.എമാർ കുടിവെള്ളക്ഷാമം സംബന്ധിച്ച വിഷയം ഉന്നയിച്ചത്. ശുദ്ധജല വിതരണ പദ്ധതിയുടെ സ്രോതസുകളിലെ ജലലഭ്യതയും വിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് കളക്ടർ നിർദ്ദേശം നൽകി. പൈപ്പുലൈനുകൾ സ്ഥാപിക്കുന്നതിനായി പൊളിക്കുന്ന റോഡുകൾ ഗുണനിലവാരത്തോടെ പൂർവസ്ഥ സ്ഥിതിയിലാക്കിയെന്ന് ഉറപ്പാക്കണം. മുടങ്ങിക്കിടക്കുന്നതും മന്ദഗതിയിലുള്ളതുമായ ജലവിതരണ പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിലയിരുത്തുന്നതിന് കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും. പൂർത്തീകരിക്കാത്ത പദ്ധതികളുടെ കരാറുകാരിൽ നിന്ന് വിശദീകരണം തേടും. ആവശ്യമെങ്കിൽ കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സർക്കാരിന് റിപ്പോർട്ട് നൽകും.
മാർച്ച് 31 നകം വാർഷിക പദ്ധതികൾ പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് വകുപ്പു മേധാവികൾക്ക് നിർദ്ദേശം നൽകി. ഓരോ വകുപ്പിന്റെയും പദ്ധതി നിർവഹണ പുരോഗതിയും പദ്ധതി തുക വിനിയോഗവും യോഗം വിലയിരുത്തി. ഭരണാനുമതി ലഭിച്ച
റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ ടെൻഡർ നടപടികൾ വേഗത്തിലാക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും സമയബന്ധിതമായി പൂർത്തീകരിക്കുന്നുണ്ടെന്ന് വകുപ്പു മേധാവികൾ ഉറപ്പു വരുത്തണമെന്നും നിർദ്ദേശിച്ചു.
തകർന്ന റോഡുകൾക്ക് 1946.24 ലക്ഷം
ജില്ലയിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1946.24 ലക്ഷം രൂപയുടെ 125 പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു. ടെണ്ടർ നടപടി പുരോഗമിക്കുകയാണ്. പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കും. ഈരയിൽക്കടവ് വാക്ക്‌വേയ്ക്ക് സമീപത്തെ അനധികൃത പാർക്കിംഗ്, മാലിന്യം നിക്ഷേപിക്കൽ എന്നിവ തടയാൻ പൊലീസ് നിരീക്ഷണവും പട്രോളിംഗും കർശനമാക്കിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ജില്ലയിലെ സബ് ട്രഷറികളുടെ നിർമ്മാണ പ്രവർത്തനം വിലയിരുത്തുന്നതിനായി പ്രത്യേകയോഗം വിളിക്കും.