അയ്മനം : പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മന്ത്രി വി.എൻ.വാസവന് നിവേദനം നൽകി. ജലവിതരണ വകുപ്പും, ജലനിധി പദ്ധതിയും ആണ് നിലവിൽ പഞ്ചായത്തിൽ കുടിവെള്ള വിതരണം നടത്തുന്നത്. ഇത് മൂലം നിരവധി സാങ്കേതിക ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. ജലനിധി മുഖേന പൈപ്പ് കണക്ഷനുള്ള ഭൂരിപക്ഷം വീട്ടുകാർക്കും വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. എന്നാൽ ജലവിതരണ വകുപ്പിന്റെ ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ തടസം കൂടാതെ വെള്ളം ലഭിക്കുന്നുണ്ട്. അയ്മനം പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലകളിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ജലനിധി പദ്ധതിയിലൂടെ വെള്ളം ലഭിക്കാനായി വർഷങ്ങൾക്ക് മുൻപ് 4000 രൂപ പ്രദേശവാസികൾ നൽകിയെങ്കിലും വെള്ളം ഇതുവരെ ലഭിച്ചില്ല. പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി സംഘത്തെ അറിയിച്ചു. ജലനിധി അധികൃതരും വാട്ടർ അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി പ്രശ്ന പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ജലനിധിയ്ക്കു പകരം വാട്ടർ അതോറിറ്റി തന്നെ വാർഡുകളിലും കുടിവെള്ളമെത്തിക്കാൻ തയ്യാറാകണമെന്നാണ് ഉപഭാേക്താക്കളുടെ ആവശ്യം. പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി , വൈസ് പ്രസിഡന്റ് മനോജ് കരീമഠം, മുൻ പ്രസിഡന്റ് ഏ.കെ.ആലിച്ചൻ , പഞ്ചായത്ത് സെക്രട്ടറി സോണി മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.