അടിമാലി: കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി അടിമാലി ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് കൊവിഡ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെയും യുവജന സംഘടനകളുടെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെയാണ് ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനം നടക്കുകയെന്ന് ഗ്രാമപഞ്ചായത്തധികൃതർ പറഞ്ഞു. ഓരോ ദിവസവും ഓരോ യുവജന സംഘടനക്കായിരിക്കും ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തന ചുമതല. ആരോഗ്യവകുപ്പുമായി സഹകരിച്ച് കൊവിഡ് ബാധിതരായവരെ കണ്ടെത്തി മരുന്നുകളടക്കം എത്തിച്ച് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്‌ക്ക് മുഖാന്തിരം നടക്കും. രോഗബാധിതരായവർക്ക് തുടർവൈദ്യസഹായമെത്തിക്കുന്ന കാര്യത്തിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം സന്നദ്ധപ്രവർത്തകരെ കൂടി സജ്ജമാക്കാൻ കൊവിഡ് ഹെൽപ്പ് ഡെസ്‌ക് വഴി സാധിക്കും. രോഗബാധിതരുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമായി മുമ്പോട്ട് പോകുന്നുണ്ട്.