
കോട്ടയം : മാർക്ക് ലിസ്റ്റ് നൽകാൻ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് എം.ജി സർവകലാശാല ജീവനക്കാരി അറസ്റ്റിലായ സംഭവം അപമാനകരമാണെന്ന് എം.ജി.യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എൻ.മഹേഷ് പറഞ്ഞു. സംഭവത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണം. മറ്റു പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിൽ അവ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. പിടിയിലായ ജീവനക്കാരി ഭരണാനുകൂല സംഘടനയുടെ മുൻനിര പ്രവർത്തക ആയതിനാൽ കേസ് ഒതുക്കി തീർക്കാനുള്ള ഉന്നത ഇടപെടലുകളുണ്ടായേക്കാം. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവാദമായ ബി. ടെക് മാർക്ക് ദാനം മുതൽ സർവകലാശാല സമൂഹത്തെ പൊതുജനം അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.