
പാലാ : പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഇറങ്ങിപ്പോയത് ഗുരുതരമായ സംഭവമാണെന്ന് മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര. ഇതുസംബന്ധിച്ച് ഏഴ് ദിവസത്തിനകം ജനറൽ ആശുപത്രി സൂപ്രണ്ട് രേഖാമൂലം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മുനിസിപ്പൽ ചെയർമാൻ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകി. സംഭവവുമായി ബന്ധപ്പെട്ട് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത സഹിതമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നത് സംബന്ധിച്ചും മറുപടി നൽകണമെന്നും ചെയർമാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.