mg-uni

കോട്ടയം: പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും മാർക്ക് ലിസ്റ്റിനുമായി എം.ബി.എ വിദ്യാർത്ഥിനിയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ പലതവണയായി വാങ്ങുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്ത എം.ജി സർവകലാശാല വനിതാ അസിസ്റ്റന്റ് വിജിലൻസ് പിടിയിലായി. ഇന്നലെ ഉച്ചയ്ക്ക് അതിരമ്പുഴയിലെ സർവകലാശാല ആസ്ഥാനത്ത് പത്തനംതിട്ട സ്വദേശിനിയായ വിദ്യാർത്ഥിനിയിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആർപ്പൂക്കര കരോട്ട് കോങ്ങവനം വീട്ടിൽ സി.ജെ. എൽസിയെ (48) വിജിലൻസ് സംഘം കുടുക്കിയത്. തുടർന്ന് എം.ബി.എ പരീക്ഷാ വിഭാഗം അസിസ്റ്റന്റായ സി.ജെ. എൽസിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി എം.ജി രജിസ്ട്രാർ അറിയിച്ചു.
2014-16 ബാച്ചിൽ ഏറ്റുമാനൂരിലെ സ്വകാര്യകോളേജിലെ എം.ബി.എ വിദ്യാ‌ത്ഥിനിയായിരുന്നു പരാതിക്കാരി. വിവിധ വർഷങ്ങളിലായി തോറ്റ 7 വിഷയങ്ങൾ വിദ്യാർത്ഥിനി എഴുതിയെടുത്തിരുന്നു. അവശേഷിച്ച ഒരു വിഷയം മേഴ്‌സി ചാൻസിലാണ് കഴിഞ്ഞ സെപ്തംബറിൽ എഴുതിയത്. ഈ വിഷയത്തിന്റെ ഫലം പ്രസിദ്ധീകരിച്ചോയെന്ന് സെക്‌ഷനിൽ വിളിച്ച് അന്വേഷിച്ച വിദ്യാർത്ഥിനിയോട് നിങ്ങൾ തോറ്റുപോയി എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ജയിച്ച സർട്ടിഫിക്കറ്റ് നൽകാമെന്നും ഒന്നേകാൽ ലക്ഷം രൂപ വേണമെന്നും പറഞ്ഞു. എൽസി തന്റെ ബാങ്ക് അക്കൗണ്ട് വഴി പല തവണയായാണ് തുക വാങ്ങിയത്. ഫലം പ്രസിദ്ധീകരിച്ചപ്പോൾ വിദ്യാർത്ഥിനിയ്ക്ക് നൂറിൽ 57 മാർക്ക് ലഭിച്ചപ്പോഴാണ് കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് വിദ്യാർത്ഥിനി തിരിച്ചറിഞ്ഞത്.

അതിനിടെ, ബംഗളൂരുവിൽ ജോലി ശരിയായ വിദ്യാർത്ഥിനിയ്ക്ക് ഫെബ്രുവരിയിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. ഇതിനായി വീണ്ടും എൽസിയെ സമീപിച്ചെങ്കിലും 50,000 രൂപ ആവശ്യപ്പെട്ടു. കൊടുക്കാൻ നിർവ്വാഹമില്ലെന്ന് പറഞ്ഞതോടെ സർട്ടിഫിക്കറ്റ് കൊടുക്കാതെ മാസങ്ങളോളം ചുറ്റിച്ചു. തുടർന്ന് 30,000 രൂപയാക്കി കുറച്ചു. 15000 രൂപ ഇന്നലെയും ഒരാഴ്ചയ്ക്ക് ശേഷം ബാക്കി 15,000 നൽകണമെന്ന് എൽസി പറഞ്ഞതോടെ വിദ്യാർത്ഥിനി വിജിലൻസ് കിഴക്കൻ മേഖല സൂപ്രണ്ട് വി.ജി. വിനോദ് കുമാറിനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഫിനോഫ്‌തലിൻ പുരട്ടിയ നോട്ടുകൾ വിദ്യാർത്ഥിനിയെ ഏൽപ്പിച്ചു. പണം കൈമാറുന്നതിനിടെ കോട്ടയം യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം എൽസിയെ പിടികൂടുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി.