
കോട്ടയം: എം.ജി യൂണിവേഴ്‌സിറ്റിയിൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് വൻതുക കൈക്കൂലി വാങ്ങിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. കുറെക്കാലമായി എം.ജി സർവകലാശാലയുടെ ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണ്. ഭരണപക്ഷ അസോസിയേഷനും ഭരണപക്ഷ വിദ്യാർത്ഥി സംഘടനയും ചേർന്ന കൂട്ടുകെട്ടാണ് യൂണിവേഴ്‌സിറ്റിയുടെ ഭരണം നിയന്ത്രിക്കുന്നത്. ഈ സംഘടനകളെപ്പേടിച്ച് ആരും പരാതിപ്പെടുന്നില്ല. അറസ്റ്റിലായ ഉദ്യോഗസ്ഥ മാത്രമായല്ല ഇത്രയും വലിയ തുക കൈക്കൂലി വാങ്ങിയത്. ഇതിനു പിന്നിൽ പലരുമുണ്ട്. ഇത് സംബന്ധിച്ച് വിപുലമായ അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവൻ പിടികൂടുകയും സർവകലാശാലയുടെ വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.