പാലാ: വള്ളിച്ചിറയിലെ പെൺവാണിഭ കേന്ദ്രത്തിൽ പാലാ പൊലീസ് നടത്തിയ റെയ്ഡിൽ മൂന്നു സ്ത്രീകളും നാലു പുരുഷന്മാരും പിടിയിലായി.
പാലാ, പ്രവിത്താനം, തൊടുപുഴ സ്വദേശിനികളായ സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം അഭയ കേന്ദ്രത്തിലേയ്ക്കു മാറ്റി. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരൻ പാലാ ഉള്ളനാട് കവിയിൽ ജോസഫ് (ടോമി 57) , ഇടപാടുകാരായ പൂവരണി ആനകുത്തിയിൽ ബിനു (49) , തോടനാൽ കാരിത്തോട്ടിൽ മനോജ് (39), ചെങ്ങളം കാഞ്ഞിരമറ്റം പന്തപ്ലാക്കൽ ബോബി (57) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാലാ വള്ളിച്ചിറയിലെ വീട് കേന്ദ്രീകരിച്ച് പെൺവാണിഭസംഘം പ്രവർത്തിക്കുന്നതായി പാലാ ഡിവൈ.എസ്.പി ഷാജു ജോസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടർന്നു പാലാ സി.ഐ. കെ.പി ടോംസണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അതിരമ്പുഴക്കാരനായ ഇടപാടുകാരെനെന്ന മട്ടിൽ സി.ഐ.വാണിഭ നടത്തിപ്പുകാരൻ ടോമിയെ വിളിച്ച് ' വില പറഞ്ഞുറപ്പിച്ചാണ് ' കേന്ദ്രത്തിലേക്ക് ചെന്നത്. എന്നാൽ സി.ഐ. യെ കണ്ടുപരിചയമുള്ള ടോമി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഞൊടിയിടയിൽ പൊലീസ് പിടികൂടി. കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തിവരികയുമായിരുന്നു. ഒരു മാസത്തിലേറെയായി വീട് കേന്ദ്രീകരിച്ചു പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മധ്യ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇടപാടുകാർ എത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. പരിശോധനയ്ക്ക് സി.ഐ കെ.പി ടോംസൺ, എസ്.ഐ എം.ഡി അഭിലാഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സി. രഞ്ജിത്ത്, ബിജു, വനിതാസിവിൽ പൊലീസ് ഓഫീസർ രമ്യ എന്നിവർ നേതൃത്വം നൽകി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.