വാകത്താനം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തോട്ടയ്ക്കാട് ഇരവുചിറയിലുള്ള സ്വകാര്യ വ്യക്തിയുടെ പന്നിഫാം അടച്ചുപൂട്ടി. ഇന്നലെ ഉച്ചയോടെ പന്നിഫാമിലേയ്ക്ക് അറവ് മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാർ വഴിയിൽ തടഞ്ഞിരുന്നു. ദുർഗന്ധം മൂലം ഫാം അടച്ചുപൂട്ടണമെന്ന് നാട്ടുകാർ പലതവണ ആവശ്യമുന്നയിച്ചിരുന്നു. ഇതേ തുടർന്ന് നിരവധി പരാതികൾ പഞ്ചായത്ത് അധികൃതർക്കും കളക്ട്രേറ്റിലും പ്രദേശവാസികൾ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഫാം നിയമപരമായല്ല പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഫാമിലേയ്ക്കുള്ള അറവ് മാലിന്യങ്ങളുമായി വാഹനം എത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ സംഘടിക്കുകയായിരുന്നു. വിവരംഅറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറിയും വാകത്താനം സി.ഐയുടെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. തുടർന്ന്, പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരമായി കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന സർക്കാർ ഫാമിലേയ്ക്ക് പന്നികളെ മാറ്റാൻ തീരുമാനമായി. ഇവിടെ നിന്നും വൈകുന്നേരത്തോടെ വാഹനം എത്തിച്ച് പന്നികളെ മാറ്റിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.