വൈക്കം: ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ ഇറക്കിപ്പൂജ മണ്ഡപത്തിന്റെ കേടുപാടുകൾ എത്രയും വേഗം തീർക്കുമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ എം.ജി മധു അറിയിച്ചു. വൈക്കം ദേവസ്വം മരാമത്ത് വിഭാഗത്തിനെ വിവരം അറിയിച്ചിട്ടുണ്ട്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ സമാപന ചടങ്ങായ ആറാട്ട് സമയം വൈക്കത്തപ്പനെ ഇറക്കി എഴുന്നള്ളിപ്പ് നടക്കുന്ന മണ്ഡപത്തിന്റെ മേൽക്കുരയ്ക്ക് സമീപമുണ്ടായിരുന്ന പാഴ്മരം വീണാണ് കേടപാടുകൾ ഉണ്ടായത്. മണ്ഡപത്തിന്റെ ഓടുകൾക്കും പട്ടികകൾക്കും കഴുക്കോലുകൾക്കും തടികൊണ്ടുള്ള മേൽത്തട്ടിനും കേടു വന്നിട്ടുണ്ട്. മോശമായ പട്ടികകൾ പൂർണ്ണമായി മാറ്റി ഓടു മേയുന്ന പണികൾ പൂർത്തിയാക്കണമെന്നാണ് മരാമത്ത് വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.