test

കോട്ടയം: കൊവിഡ് പരിശോധനയുടെ മറവിൽ സ്വകാര്യ ലാബുകളിൽ തട്ടിപ്പു വ്യാപകമാകുന്നതായി പരാതി. ആർ.ടി.പി.സി.ആർ പരിശോധന ചെയ്യാനായി ലാബുകളിലെത്തുന്നവരെ ആന്റിജൻ പരിശോധന നടത്തി കൂടുതൽ തുക ഈടാക്കുന്നതായാണ് ആരോപണം. കൊവിഡ് പരിശോധന നടത്തിയ ശേഷം ലാബിന്റെ പേരിൽ ഫലം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നൽകുകയാണ് ചെയ്യുന്നത്. 500 രൂപ മുടക്കി ആർ.ടി.പി.സി.ആർ. ടെസ്റ്റിനെത്തുന്ന പലർക്കും ആന്റിജൻ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുകയാണ് . എയർപോർട്ടിലും മറ്റും ചെല്ലുമ്പോൾ എസ്.ആർ.എഫ്. ഐ.ഡി ഇല്ലാത്തതിനാൽ വീണ്ടും ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ട സ്ഥിതിയാണ്. ഈ ഐ.ഡി മുഖേനയാണ് പരിശോധനാ ഫലം ഓൺലൈനിൽ സ്ഥിരീകരിക്കുന്നത്.

 എസ്.ആർ.എഫ് ഐ.ഡി

ആർ.ടി.പി.സി.ആർ പരിശോധന നടത്തുമ്പോൾ കിട്ടുന്ന ഫലം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റിൽ സ്‌പെസിമെൻ റെഫറൽ ഫോറം (എസ്.ആർ.എഫ്.) ഐ.ഡി രേഖപ്പെടുത്തണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) നിർദേശം. എന്നാൽ ആന്റിജൻ ടെസ്റ്റാണ് നടത്തുന്നത് എന്നതിനാൽ പല സ്വകാര്യ ലാബുകളിൽ നിന്നും കിട്ടുന്ന പരിശോധനാ ഫലത്തിൽ എസ്.ആർ.എഫ്. ഐഡി ഇല്ല. ആർ. ടി. പി. സി. ആർ ടെസ്റ്റു നടത്തുമ്പോഴേ എസ്.ആർ.എഫ്. വേണ്ടതുള്ളൂ. വിദേശത്തോ, മറ്റ് ജോലി സ്ഥലങ്ങളിലോ, മറ്റ് ആശുപത്രികളിൽ ചികിത്സ തേടി പോകുമ്പോഴോ ആണ് പലരും ഇക്കാര്യം അറിയുന്നത്. സർട്ടിഫിക്കറ്റുകൾക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാൻ എസ്.ആർ.എഫ്. ഐ.ഡി നിർബന്ധമാണ്. സാധാരണക്കാർക്ക് ഇതേപ്പറ്റി ധാരണയില്ലാത്തതാണ് ലാബുകൾ മുതലെ‌ടുക്കുന്നത്.