
കോട്ടയം: കേന്ദ്ര ബഡ്ജറ്റിൽ കൃഷി, ടൂറിസം, റെയിൽവേ, റോഡ് എന്നീ മേഖലകളിൽ ജില്ലയ്ക്ക് വാനോളം വികസനപ്രതീക്ഷയുണ്ട് . മുൻവർഷങ്ങളിൽ കാര്യമായ പരിഗണന ലഭിക്കാഞ്ഞതിന്റെ ക്ഷീണത്തിലാണ് ജില്ല. കെ- റെയിൽ ഉൾപ്പെടെ സജീവ ചർച്ചയായി മുന്നേറുമ്പോഴും ജില്ലയുടെ പ്രധാന പ്രതീക്ഷ റെയിൽ വികസനത്തിൽ തന്നെയാണ്. പാത ഇരട്ടിപ്പിക്കൽ ഈ സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ റെയിൽവേ സ്‌റ്റേഷൻ വികസനം ഉൾപ്പെടെ ആവശ്യമായിവരും. ശബരി റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തു പരാമർശമുണ്ടാകുമെന്നും ഏവരും വീക്ഷിക്കുന്നു. ഏതാനും വർഷങ്ങളായി പാത ഇരട്ടിപ്പിക്കലിനു ഒരു വിഹിതം മാത്രമായിരുന്നു റെയിൽ വികസനത്തിനായി ജില്ലയ്ക്ക് ലഭിച്ചിരുന്നത്.
 റബറിനെന്ത്?
റബറിനായി എന്തു പ്രഖ്യാപനമെന്നതാണ് റബർ കർഷകർ ഉറ്റുനോക്കുന്നത്. വില ഇരട്ട സെഞ്ചുറിയിലേക്ക് നീങ്ങാൻ പര്യാപ്തമായ എന്തെങ്കിലും പരാമർശമോ, ഇറക്കുമതി നിയന്ത്രണത്തിനായി നീക്കങ്ങളെന്തെങ്കിലുമോ ഉണ്ടാകുമോയെന്നാണ് കർഷകർ ആകാംക്ഷയോടെ നോക്കുന്നത്. റബർ ബോർഡിന് പതിവു വിഹിതമെങ്കിലും ലഭിക്കുമോയെന്നതും പ്രധാനമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങിലെ കൃഷി വ്യാപനത്തിനായി ബോർഡിന് തുക അനുവദിച്ചേക്കുമെന്നാണ് സൂചന. അതാകട്ടെ, സംസ്ഥാനത്തെ കർഷകർക്ക് തിരിച്ചടിയാകുന്നതുമാണ്.
 ടൂറിസംരംഗം
അൽഫോൻസ് കണ്ണന്താനം മന്ത്രിസഭയിലുണ്ടായിരുന്ന ഘട്ടത്തിൽ കുമരകം ഉൾപ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിനായി തുക അനുവദിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് തകർന്നു കിടക്കുന്ന ഈ മേഖലയ്ക്ക് കാര്യമായ ബഡ്ജറ്റ് വിഹിതം ഉണ്ടായേ മതിയാകൂ. ഉത്തരവാദിത്വ ടൂറിസത്തിൽ ലോകഭൂപടത്തിൽ ഇടംപിടിച്ചു പ്രശസ്തമായ കുമരകം, അയ്മനം പഞ്ചായത്തുകൾ പ്രത്യേകമായി കേന്ദ്ര ബഡ്ജറ്റിനു കാതോർക്കുകയാണ്.
 ദേശീയ പാതാ വികസനം
ജില്ലയിൽ കൂടി കടന്നു പോകുന്ന ഏക ദേശീയ പാതയായ കൊല്ലം- തേനി പാതയുടെ വികസനത്തിനായി തുക അനുവദിക്കുമോയെന്നതും പ്രധാനമാണ്. കെ.കെ. റോഡും എം.സി. റോഡും ബന്ധിപ്പിച്ച് പുതിയ ദേശീയപാതയുണ്ടാക്കുന്നതിനായി പണം അനുവദിച്ചേക്കുമെന്നാണു പ്രതീക്ഷ. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലൂടെ കടന്നു പോകുന്ന കൊച്ചി- തിരുവനന്തപുരം- ഗ്രീൻഫീൽഡ് മലയോര പാതയ്ക്കും ബഡ്ജറ്റ് വിഹിതം പ്രതീക്ഷിക്കുന്നു.