പാലാ : ടൗൺ ബസ് സ്റ്റാൻഡിൽ വെയിലും മഴയുമേറ്റ് സ്വന്തം വാഹനത്തിൽത്തന്നെ യാത്രക്കാരെ പ്രതീക്ഷിച്ച് കാത്തിരിക്കാനാണ് ഇവരുടെ വിധി.
കൊടുംചൂടിൽ നിന്ന് രക്ഷതേടി കയറിനിൽക്കാനൊരിടം ഇല്ല. കനത്ത മഴയിലും ഇതുതന്നെ സ്ഥിതി. പാലാ ടൗൺ ബസ് സ്റ്റാൻഡിലെ മരച്ചുവട്ടിൽ ടാക്‌സി കാറുകൾക്കായി സ്റ്റാൻഡ് വരുന്നത് 1967 ലാണ്. ആദ്യകാലത്ത് ഇവിടെ ഡ്രൈവർമാർക്ക് വിശ്രമിക്കുന്നതിനായി ഷെഡ് ഉണ്ടായിരുന്നു. പിൽക്കാലത്ത് അത് പൊളിച്ചുമാറ്റി. പിന്നീട് യാതൊരുവിധ സൗകര്യങ്ങളും ടാക്‌സികാർ ഡ്രൈവർമാർക്കായി ഒരുക്കാൻ നഗരസഭാധികാരികൾ തയ്യാറായില്ല. ഇടയ്ക്ക് ബസ് സ്റ്റാൻഡിൽ നിന്ന് ടി.ബി റോഡിലേക്ക് ടാക്‌സി കാറുകൾ മാറ്റിയിരുന്നു. വർഷങ്ങൾക്കുശേഷം ടി.ബി. റോഡിൽ നിന്ന് വീണ്ടും ടൗൺ ബസ് സ്റ്റാൻഡിലെ 'ഠ' വട്ടത്തിലേക്ക് ടാക്‌സി സ്റ്റാൻഡ് വീണ്ടും മാറ്റി.

ഒരു കടവരാന്ത പോലും ഇവിടെ ഇല്ല. ടൗൺ ബസ് സ്റ്റാൻഡിലെ യാത്രക്കാർക്ക് വിശ്രമിക്കാനുണ്ടായിരുന്ന വിശാലമായ മുറികൾ അടച്ചുകെട്ടി വ്യാപാര സ്ഥാപനമാക്കി വരുമാനം വർദ്ധിപ്പിക്കാൻ തീരുമാനിച്ച പഴയകാല നഗരസഭാധികാരികൾ സ്റ്റാൻഡിലെത്തുന്ന യാത്രക്കാരെയും ടാക്‌സി ഡ്രൈവർമാരെയും വഴിയിലേക്ക് ഇറക്കിവിടുകയായിരുന്നു. പിന്നീട് വന്ന നഗരസഭാധികാരികളും ഒരു തീരുമാനവും എടുത്തില്ല. ഇവിടെ നേരത്തെയുണ്ടായിരുന്ന ഷെഡ് പൊളിച്ച് മാറ്റിയപ്പോൾ പുതുതായി ഒരു വിശ്രമകേന്ദ്രം പണിത് നൽകുമെന്നായിരുന്നു ഉറപ്പ്.

മുപ്പതോളം ടാക്സികൾ

നിലവിൽ മുപ്പതോളം ടാക്‌സി കാർ ഡ്രൈവർമാരാണ് ഇവിടെയുള്ളത്. ഇവരൊരു സംഘടിത ശക്തിയല്ലാത്തതിനാലായിരിക്കും അധികൃതർ ഗൗനിക്കാത്തത്. തങ്ങൾക്കൊരു വിശ്രമകേന്ദ്രമെന്ന ആവശ്യം പലപ്പോഴും ഉന്നയിക്കാറുണ്ടെങ്കിലും അതൊന്നും വിലപ്പോകുന്നില്ല.

''ഞങ്ങൾക്ക് ആ മരത്തണലിനോട് ചേർന്ന് മറ്റാർക്കും ശല്യമില്ലാതെ ചെറിയൊരു ഷെഡ് കെട്ടിത്തരണമെന്ന് പലവട്ടം നഗരസഭാധികാരികളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇതുവരെ അതിനൊരു ഫലമുണ്ടായിട്ടില്ല. നാളെ ഞങ്ങളെല്ലാവരും ചേർന്ന് ഒപ്പിട്ട് ഒരു നിവേദനംകൂടി മുനിസിപ്പൽ ചെയർമാനും പ്രതിപക്ഷ നേതാവിനും കൊടുക്കും.

സജീവ് വി.ആർ, ടാക്‌സികാർ ഡ്രൈവർ