mg

മഹാത്മാഗാന്ധിയുടെ പേരുള്ള സർവകലാശാലയിൽ നിന്ന് ഇടക്കിടക്ക് കേൾക്കാറുള്ളത് മാർക്കു ദാനത്തിന്റെയും പിന്നാക്ക സമുദായ ദ്രോഹത്തിന്റെയും ദളിത് പീഡനങ്ങളുടെയും നാറ്റക്കേസുകളാണ്. 1983 ഒക്ടോബർ 2ലെ ഗാന്ധിജയന്തി ദിനത്തിലാണ് സർവകലാശാല ആരംഭിച്ചത്. 39 വർഷത്തിനിടെ കൈക്കൂലി കേസ് എന്ന പേരുദോഷം കേൾപ്പിച്ചിരുന്നില്ല. ഇന്നലെ ഗാന്ധി രക്തസാക്ഷി ദിനത്തിൽ അതും കൂടിയായി. എം.ബി.എ സർട്ടിഫിക്കറ്റ് നൽകാൻ വിദ്യാർത്ഥിനിയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയതിന് വനിതാ ഉദ്യോഗസ്ഥയെ വിജിലൻസ് തെളിവ് സഹിതം പിടികൂടിയതോടെ "എന്തിനാണ് ഗാന്ധിജിയുടെ പേര് നാറ്റിക്കാൻ ഇങ്ങനെയൊരു സർവകലാശാല മഹാത്മാവിന്റെ പേരു മാറ്റിക്കൂടെ "എന്ന് ചോദിച്ചു പോവുകയാണ് .

എം.ബി എ പരീക്ഷയുടെ അവസാന പേപ്പറിന് ജയിച്ചോ എന്നറിയാൻ ബന്ധപ്പെട്ട വിദ്യാർത്ഥിനി തോറ്റെന്നും ജയിപ്പിച്ചു കൊടുക്കാമെന്നും പറഞ്ഞായിരുന്നു പരീക്ഷാ ഭവനിൽ എം.ബി .എ സെക്‌ഷനിലെ വനിതാ അസിസ്റ്റന്റ് തന്റെ ബാങ്ക് അക്കൗണ്ടി

ലേക്ക് പല തവണയായി ഒന്നേകാൽ ലക്ഷം രൂപയോളം ഇടീപ്പിച്ചത്. മാല പണയം വച്ചുവരെയായിരുന്നു പണം ഇട്ടുകൊടുത്തത്. കൊവിഡ് കാരണം പല തവണ സർവകലാശാല മാറ്റിവെച്ച എം.ബി.എ പരീക്ഷയിൽ തോറ്റവർ ജയിക്കുകയും ജയിച്ചവർ തോൽക്കുകയും ചെയ്തു. അവസാനം പോസ്റ്റ് കറക്ഷനിലൂടെ സർവകലാശാല പലരെയും ജയിപ്പിക്കുകയായിരുന്നു. ജയിച്ച തന്നെ തോറ്റുവെന്ന് വിശ്വസിപ്പിച്ച് ഉദ്യോഗസ്ഥ കബളിക്കുകയായിരുന്നെന്ന് വിദ്യാർത്ഥിനി മനസിലാക്കിയിട്ടും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വേണമെങ്കിൽ വീണ്ടും പണം നൽകണമെന്ന് നാണമില്ലാതെ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടതോടെയാണ് വിദ്യാർത്ഥിനി വിജിലൻസിൽ പരാതി നൽകിയതും കൈക്കൂലി പണം വാങ്ങുന്നതിനിടയിൽ ഉദ്യോഗസ്ഥയെ വിജിലൻസ് കുടുക്കിയതും. താത്ക്കാലിക ശിപായിയും ഇടതു സംഘടനയുടെ വനിതാസെൽ നേതാവുമായ ഇവർ സർവകലാശാലാ നിയമനം പി.എസ്.സിക്കു വിടും മുമ്പ് രാഷ്ട്രീയ സ്വാധീനത്താൽ അസിസ്റ്റന്റ് നിയമനം നേടിയെടുക്കുകയായിരുന്നു.

സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ സംഭവം ഒറ്റപ്പെട്ടതാണോ അതോ പിന്നിൽ ഒരു റാക്കറ്റ് തന്നെ ഉണ്ടോ എന്ന സംശയവും ഇപ്പോൾ ബലപ്പെട്ടിട്ടുണ്ട്. പണവും സ്വാധീനവും ഉപയോഗിച്ച് പല സെക്‌ഷനിലും മാർക്കു തട്ടിപ്പും തോറ്റവർക്ക് ജയിച്ച സർട്ടിഫിക്കറ്റ് നൽകലും എം.ജി സർവകലാശാലയിൽ നേരത്തേയും നടന്നിട്ടുണ്ട്. ഇതിന് പല ജീവനക്കാരെയും സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ എന്തെക്കെയോ ചീഞ്ഞു നാറുന്നുവെന്ന സംശയം ബലപ്പെടുകയാണ്.

മുൻ മന്ത്രി കെ.ടി ജലീലിന്റെ സെക്രട്ടറി പങ്കെടുത്ത മാർക്കു ദാന വിവാദത്തിലൂടെ 116 വിദ്യാർത്ഥികളാണ് ജയിച്ചത്. ഈ വിവാദത്തിന് പിറകേയായിരുന്നു ദളിത് ഗവേഷണ വിദ്യാർത്ഥിനിയെ ഗൈഡ് ജാതീയമായി അധിക്ഷേപിച്ചുവെന്നും പീഡിപ്പിച്ചുവെന്നും ആരോപിച്ച് വിദ്യാർത്ഥിനി സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ നിരാഹാര സമരം നടത്തിയ സംഭവം. അവസാനം ഗൈഡിനെ മാറ്റാൻ സർവകലാശാലാ അധികൃതർ നിർബന്ധിതരായതോടെയാണ് സമരം അവസാനിച്ചത്.

1983ൽ ആരംഭിക്കുമ്പോൾ ഗാന്ധി സർവകലാശാല എന്നായിരുന്നു പേര്. പിന്നീട് ഗാന്ധിജി സർവകലാശാല എന്നാക്കി. അത് മഹാത്മാഗാന്ധി സർവകലാശാല എന്ന് വീണ്ടും മാറ്റി. അതു ലോപിച്ചാണ് ഇപ്പോൾ എം.ജി സർവകലാശാല എന്ന് വിളിക്കുന്നത്. മഹാത്മാവിന്റെ പേര് മോശമാക്കുന്ന വിവാദങ്ങൾ ഒന്നിന് പിറകേ ഉയരുമ്പോൾ ഗാന്ധിജിയെ കൊന്ന ഗോഡ്സേയുടെ പേരോ അതല്ലെങ്കിൽ 'മദ്യകേരള ' സർവകലാശാലയെന്നോ പേര് മാറ്റി ഈ അപമാനത്തിൽ നിന്ന് പാവം ഗാന്ധിജിയെ രക്ഷിക്കണമെന്നാണ് ബന്ധപ്പെട്ടവരോട് അപേക്ഷ....