
മൂന്നാർ: കരടിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 17 അംഗ സംഘത്തിലെ യുവാവ് ട്രക്കിംഗിനിടെ കൊക്കയിൽ വീണുമരിച്ചു. കോതമംഗലം ചേലാട് വയലിൽ പറമ്പിൽ ഷാർളിയുടെ മകൻ ഷിബിനാണ് (25) മരിച്ചത്. എറണാകുളത്തെ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന 17 പേർ അടങ്ങുന്ന സംഘം ശനിയാഴ്ച രാവിലെയാണ് മൂന്നാറിലെത്തിയത്. ഇന്നലെ രാവിലെ എട്ടോടെ ഷിബിനും ഏഴ് സുഹൃത്തുക്കളും സമീപത്തുള്ള വലിയ മലകയറുന്നതിനായി പോയിരുന്നു. കുത്തനെയുള്ള മലകയറ്റം പാതിവഴിയിൽ ഉപേക്ഷിച്ച് അഞ്ചുപേർ തിരികെ മടങ്ങി. ഷിബിനും രണ്ട് സുഹൃത്തുക്കളും യാത്ര തുടർന്നു. ഇതിനിടെ ഷിബിൻ കാൽവഴുതി 600 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. പാറക്കെട്ടിൽ ഇടിച്ച് ഷിബിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഷിബിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വെള്ളത്തൂവൽ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് അയച്ചു. മൃതദേഹം ഇന്ന് മാതിരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്‌കരിക്കും. മാതാവ്: ഷീബ. സഹോദരങ്ങൾ: ഷിതിൻ, ഷിജിൻ.