
കോട്ടയം: ശരീര സൗന്ദര്യ മത്സരത്തിന്റെ സീസണിൽ ജിംനേഷ്യങ്ങൾ അടച്ചതിന്റെ സങ്കടമാണ് ജിമ്മൻമാർക്ക്. ലോക്ക്ഡൗണിന് ശേഷം അടച്ചിട്ട ജിമ്മുകൾ വീണ്ടും ഉണരുമ്പോഴാണ് സി കാറ്റഗറിയിലായ ജില്ലയിലെ ജിംനേഷ്യങ്ങൾക്ക് താഴ് വീണത്.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ജിംനേഷ്യങ്ങൾ പ്രവർത്തിക്കുന്നത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തവ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളുള്ള മെഷീനുകളും ഓരോ ജിംനേഷ്യങ്ങളിലുമുണ്ട്. ഇതെല്ലാം കൃത്യമായ ഇടവേളകളിൽ എണ്ണയും ഗ്രീസും ഒഴിക്കുകയും വൃത്തിയാക്കുകയും ചെയ്തില്ലെങ്കിൽ നശിച്ച് പോകും. കെട്ടിട വാടക, കറന്റ് ചാർജ്, വെള്ളം, മറ്റ് ജീവനക്കാരുടെ ചെലവ് എന്നിവ ജിം അടച്ചിട്ടാലും മുടക്കാനാവില്ല.
 മിസ്റ്റർ കോട്ടയം മത്സരം: പങ്കാളിത്തം കുറയും
അഞ്ച്, ആറ് തീയതികളിലാണ് മിസ്റ്റർ കോട്ടയം മത്സരം. ജിമ്മുകൾ അടച്ചത് മത്സരത്തിനു തയ്യാറെടുക്കുവർക്ക് തിരിച്ചടിയായി. മത്സരത്തിൽ പങ്കെടുക്കുന്നവർ മൂന്ന് മാസമെങ്കിലും കൃത്യമായി പരിശീലിച്ചെങ്കിൽ മാത്രമെ മസിലുകൾക്ക് വ്യക്തമായ രൂപഭംഗി ഉണ്ടാവുകയുള്ളൂ. വിവിധ അസോസിയേഷനുകൾക്ക് കീഴിലായി നൂറോളം ജിംനേഷ്യങ്ങളുള്ള കോട്ടയത്ത് സാധാരണയായി വാശിയേറിയ മത്സരമാണ് നടക്കാറുള്ളത്. അതിനാൽ നിയന്ത്രണം നിലനിന്നാൽ ഇത്തവണത്തെ മിസ്റ്റർ കോട്ടയം മത്സരത്തിന്റെ നിലവാരവും പങ്കാളിത്തവും കുറയും. നൂറ്റമ്പതോളം പേർ വിവിധ വിഭാഗങ്ങളിലായി സ്ഥിരമായി പങ്കെടുക്കാറുള്ള മത്സരമാണിത്.
 മിസ്റ്റർ കോട്ടയം മത്സരം അഞ്ച്, ആറ് തീയതികളിൽ
 വിവിധ അസോസിയേഷനുകളിലായി നൂറോളം ജിംനേഷ്യം
 മൽസരങ്ങളിൽ പങ്കെടുക്കുക നൂറ്റമ്പതോളം പേർ
 പരിശീലനമില്ലെങ്കിൽ മസിലുകൾക്ക് രൂപഭംഗി ലഭിക്കില്ല
' കൊവിഡ് പ്രതിസന്ധിയിൽ ഫീസ് കൃത്യമായി തരാൻ എല്ലാവർക്കും സാധിക്കാറില്ല, ഇതു കൊണ്ട് തന്നെ വായ്പകഠ കൃത്യമായി അടയ്ക്കാൻ സാധിക്കുന്നില്ല. നിലവിൽ ജിം ഉടമകൾക്ക് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ''
-ഗോപു, ജിം ഉടമ, നാഗമ്പടം