കോട്ടയം : വാരാന്ത്യ ലോക്ക് ഡൗണിന്റെ രണ്ടാം ഞായറിൽ സ്വയം നിയന്ത്രണങ്ങൾ പാലിച്ച് ജനം വീട്ടിലിരുന്നു. രോഗവ്യാപനത്തെ തുടർന്ന് നടപ്പിലാക്കിയ വാരാന്ത്യ ലോിക്ക് ഡൗണിൽ നഗരം വിജനമായിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാൻ പൊലീസ് പ്രധാന ജംഗ്ഷനുകളിൽ മാത്രമാണ് നിലയുറപ്പിച്ചിരുന്നത്. നഗരത്തിലെ പ്രധാന ഭാഗമായ കളക്ടറേറ്റ് പടിക്കൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. പരിശോധന നടത്തിയ ശേഷമാണ് നിരത്തിലിറങ്ങിയവരെ കടത്തിവിട്ടത്. അത്യാവശ്യയാത്രക്കാർ മാത്രമായിരുന്നു നിരത്തിലിറങ്ങിയത്. അപൂർവം ഹോട്ടലുകളും ബേക്കറികളും കടകളും തുറന്നെങ്കിലും ആളൊഴിഞ്ഞ നിലയായിരുന്നു. ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രമാണ് നടന്നത്.

കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയിൽ നിന്ന് അഞ്ച് ബസുകളാണ് സർവീസ് നടത്തിയത്. കൂടാതെ ബംഗളൂരു, മൈസൂർ , തെങ്കാശി എന്നീ ദീർഘദൂര ബസുകളും സർവീസ് നടത്തി. പടിഞ്ഞാറൻ മേഖലകളിലേക്ക് ബസുകളൊന്നുമില്ലായിരുന്നു.