എരുമേലി : ശബരിമല തീർത്ഥാടനം കഴിഞ്ഞതോടെ എരുമേലി ടൗണിലും സമീപ പ്രദേശങ്ങളിലും കൊതുക് ശല്യം രൂക്ഷമാകുന്നു. തീർത്ഥാടനത്തിനു ശേഷം വേണ്ടത്ര ശുചീകരണം നടത്താത്തതാണ് കൊതുകുകൾ പെരുകാൻ കാരണമായത്. ഈച്ചകളുടെ ശല്യവും രൂക്ഷമാണ്. തോട്ടിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞ് മലിന ജലം കെട്ടികിടക്കുന്നതും കൊതുകുകൾ വർദ്ധിക്കാനിടയാക്കി. രാത്രിയായാൽ വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ജനം. താത്ക്കാലികമായി പ്രവർത്തിച്ച ശൗചാലയങ്ങൾ അണുവിമുക്തമാക്കിയിട്ടില്ല. പഞ്ചായത്ത് ലൈസൻസില്ലാതെയാണ് താത്ക്കാലിക ശൗചാലയങ്ങൾ പ്രവർത്തിച്ചത്. തോടിന്റെ കരയിൽ പ്രവർത്തിച്ച ശൗചാലയങ്ങളിലെ സെപ്ടിക് ടാങ്കുകളിൽ നിന്ന് മലിനജലം പുറത്തേയ്ക്ക് ഒഴുക്കുന്നത് പരിശോധിക്കുന്നതിനും പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്നും നടപടിയുണ്ടായില്ല. പലർക്കും ശരീരം ചൊറിഞ്ഞു തടിക്കുന്നതായി നാട്ടുകാർ പറയുന്നു.