കുമരകം : തണ്ണീർമുക്കം ബണ്ടിൽ നിന്ന് കഴിഞ്ഞ ദിവസം കായലിൽ വീണ ടോറസ് കരയിൽ കയറ്റാൻ നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമം ഒടുവിൽ വിജയിച്ചു. രാവിലെ മുതൽ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതാേടെ മെബൈൽ ടവർ ക്രെയിൻ എത്തിച്ചാണ് ലോറി ഉയത്തിയെടുത്തത്. കായലിൽ നിന്ന് ലോറി ആദ്യം മൊബൈൽ ടവർ ക്രെയിൻ ഉപയോഗിച്ചു ബാർജിലേക്ക് ഉയർത്തിവച്ചു. തുടർന്ന് ലോറിയും ബാർജും കെട്ടിവലിച്ച് ബണ്ടിന്റെ ഒന്നാംഘട്ടം തീരുന്നിടത്ത് തെക്കുവടക്കായുള്ള ദീപിന്റെ സമീപം എത്തിച്ച് ക്രെയിൻ ഉപയോഗിച്ച് കരക്ക് കയറ്റുകയായിരുന്നു. പാലത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചാണ് ക്രെയിൻ സ്ഥാപിച്ചത്. രണ്ട് ദിവസമായി കായലിന്റെ ആഴങ്ങളിൽ മുങ്ങി കിടന്നിരുന്ന ലോറി ഇന്നലെ വൈകിട്ടോടെയാണ് കരയിൽ എത്തിച്ചത്. വെള്ളിയാഴ്ച രാത്രി പാലത്തിൽവച്ച് രണ്ട് ടാേറസുകൾ തമ്മിൽ കൂട്ടി ഇടിക്കുകയും ഒരു ടോറസ് പാലത്തിന്റെ കൈവിരികൾ തകർത്ത് കായലിൽ പതിക്കുകയുമായിരുന്നു.