
വൈക്കം : തൊട്ടും തലോടിയും പരിപാലിച്ചും നേടിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിൽ കൈനിറയെ ഉത്പന്നങ്ങൾ കിട്ടിയ ആഹ്ലാദത്തിലാണ് സത്യഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥികൾ. തലയാഴം പഞ്ചായത്തിലെ രണ്ടേക്കർ സ്ഥലത്താണ് കൃഷിപാഠത്തിന്റെ അറിവിൽ വിവിധയിനം കൃഷികൾ നടത്തിയത്. കഴിഞ്ഞ കാലങ്ങളിൽ കിട്ടിയ അറിവും പരിചയവും മികച്ച കർഷകർ നൽകിയ പരിശലനവും കൈമുതലാക്കിയാണ് വിദ്യാർത്ഥികൾ പണിയായുധങ്ങളുമായി കൃഷിക്കിറങ്ങിയത്. പുരയിടങ്ങളിൽ നടത്തുന്ന കൃഷിക്കൊപ്പം സ്‌കൂൾ വളപ്പിലും വിദ്യാർത്ഥികളുടേതായ കൃഷിത്തോട്ടമുണ്ട്. രണ്ടാംഘട്ട വിളവെടുപ്പ് പ്രിൻസിപ്പിൾ എ.ജ്യോതി കണിച്ചേരിമഠം ബാലുസ്വാമിയ്ക്ക് ഉത്പന്നങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു.
തക്കാളി, വെണ്ട, വഴുതന, വള്ളിപയർ, കോവൽ, പാവൽ, പടവലം, പീച്ചിൽ, മത്തൻ, വെള്ളരി, കുക്കുംബർ, ചീര എന്നീയിനങ്ങളാണ് കൃഷിചെയ്തത്. സ്റ്റുഡന്റ് പൊലീസ്, എൻ.എസ്.എസ് യൂണിറ്റ്, റെഡ് ക്രോസ്, പി.ടി.എ എന്നീ വിഭാഗങ്ങളാണ് നേതൃത്വം നൽകിയത്. തലയാഴത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പിൾ ഷാജി ടി. കുരുവിള, പ്രഥമാദ്ധ്യാപിക പി.ആർ.ബിജി, എൽ.പി സികൂൾ ഹെഡ്മാസ്റ്റർ പി.ടി.ജിനീഷ്, ബിനി ബിനേഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഇ.പി. ബീന, മഞ്ചു എസ്. നായർ, സ്റ്റുഡന്റ് പൊലീസ് സി.പി.ഒ ആർ. ജഫിൻ, അദ്ധ്യാപകരായ സി.എസ്. ജിജി, പ്രീതി വി. പ്രഭ, ധന്യാ രഘു, സി.എസ്. സന്ദീപ്, പി.ടി.എ പ്രസിഡന്റ് പി.പി. സന്തോഷ്, വൈസ് പ്രസിഡന്റ് എസ്. ജയൻ, അനൂപ് കുമാർ എന്നിവർ പങ്കെടുത്തു.