
കോട്ടയം: മാർക്ക് ലിസ്റ്റിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും വിദ്യാർത്ഥിനിയിൽ നിന്ന് കോഴ വാങ്ങിയ കേസിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി.ജെ. എൽസി അറസ്റ്റിലായ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് നാലംഗ സമിതിയെ ചുമതലപ്പെടുത്തി.
സിൻഡിക്കേറ്റ് അംഗങ്ങളായ ഹരികൃഷ്ണൻ, ഡോ. ബി. കേരളവർമ, ഡോ. എ.ജോസ്, ഡോ.ഷാജിലാബീവി എന്നിവരാണ് അന്വേഷണം നടത്തുക. പരീക്ഷാ ഭവനിലും ഇടനാഴികളിലും കാമറയും മാഗ്നറ്റിക് വാതിലുകളും സ്ഥാപിക്കാനും തീരുമാനിച്ചു.
മൂന്ന് വർഷത്തിൽ കൂടുതലായി ഒരേ സീറ്റിൽ ജോലി ചെയ്യുന്നവരെ മറ്റു ബ്രാഞ്ചുകളിലേയ്ക്ക് മാറ്റും. സെക്ഷൻ ഓഫീസർമാരുടേയും സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരുടേയും ജോലി നിരീക്ഷിക്കാൻ ബ്രാഞ്ച് ഓഫീസർമാരെ ചുമതലപ്പെടുത്തി. അറ്റൻഡൻസിന്റെ കാര്യത്തിൽ ബയോമെട്രിക് സംവിധാനം കുറ്റമറ്റതാക്കും. ഓഫീസ് സമയക്രമം പാലിക്കാത്തവർക്കെതിരെ നടപടിക്ക് രജിസ്ട്രാറെ ചുമതലപ്പെടുത്തി. ഫ്രണ്ട് ഓഫീസ് സംവിധാനം ശക്തിപ്പെടുത്തും. കെട്ടിക്കിടക്കുന്ന മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും എത്രയും വേഗം നൽകാനും യോഗം തീരുമാനിച്ചു.
 പ്രമോഷന് യൂണിയൻ ഇടപെടൽ
എൽസിയെ പ്യൂൺ തസ്തികയിൽ നിന്ന് പ്രമോഷൻ നൽകി അസിസ്റ്റന്റ് തസ്തികയിൽ നിയമിക്കാൻ
ഇടത് അനുകൂല സംഘടനയായ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എംപ്ളോയീസ് അസോസിയേഷനും ഇടപെട്ടു. 2016 ജൂലായ് 14നാണ് കൂടുതൽ ഒഴിവ് കണ്ടെത്തണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ വി.സിക്ക് കത്ത് നൽകിയത്. തുടർന്ന് 2017ൽ കൂടുതൽ ഒഴിവുകൾ സൃഷ്ടിക്കുകയായിരുന്നു.
 7 കാര്യങ്ങൾ അന്വേഷിക്കും
1. 2020 ജനുവരി ഒന്നു മുതൽ എം.ബി.എ സെക്ഷനിൽ നടന്ന പരീക്ഷാ ജോലികൾ
2. റിസൾട്ട് വന്നതിന് ശേഷമുള്ള തെറ്റുതിരുത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ
3. എം.ബി.എ സെക്ഷനിലെ മുഴുവൻ നടപടികളും
4. പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായി ഒരു ജീവനക്കാരൻ തുടരുന്ന സാഹചര്യം
5. റിസൾട്ട് പ്രസിദ്ധീകരിച്ചിട്ടും ലഭ്യമാവാത്തതിന്റെ കാരണം
6. ഓരോ സെക്ഷനിലെയും പെൻഡിംഗ് ഫയലുകൾ
7. മേഴ്സി ചാൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന രീതി
'' എൽസിക്ക് പ്രമോഷൻ നൽകിയത് നിയമപ്രകാരമാണ്. അനദ്ധ്യാപക തസ്തികകളിലെ നിയമനം പി.എസ്.സിക്ക് വിട്ടതിന് മുൻപാണ് പ്രമോഷൻ നൽകിയത്. നടപടിക്രമങ്ങളുടെ ഭാഗമായാണ് സെക്ഷൻ ഓഫീസറെയും അസിസ്റ്റന്റ് രജിസ്ട്രാറെയും മറ്റ് സെക്ഷനുകളിലേയ്ക്ക് സ്ഥലംമാറ്റയത്''
- പ്രൊഫ. സാബു തോമസ്,
വൈസ് ചാൻസലർ
കൈക്കൂലിക്കേസ് : യൂണിവേഴ്സിറ്റി രേഖകൾ ശേഖരിച്ച് വിജിലൻസ്
കോട്ടയം: കൈക്കൂലിക്കേസിൽ സി.ജെ. എൽസി അറസ്റ്റിലായതിനു പിന്നാലെ വിശദമായ അന്വേഷണത്തിന് വിജിലൻസ്. ഡിവൈ.എസ്.പി എ.കെ.വിശ്വനാഥന്റെ നേതൃത്വത്തിൽ ഇന്നലെ യൂണിവേഴ്സിറ്റിയിലെത്തി രേഖകൾ പിടിച്ചെടുത്തു. എൽസിയുടെ ബാങ്ക് ഇടപാടുകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. മാർക്ക് തിരുത്താൻ ഉദ്യോഗസ്ഥ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന ആക്ഷേപവും അന്വേഷിക്കും.
ഇന്നലെ ഉച്ചയോടെ സെക്ഷനിലെത്തിയ വിജിലൻസ് സംഘം എൽസി കൈകാര്യം ചെയ്തിരുന്ന മുഴുവൻ ഫയലുകളും നിയമന രേഖകളും ശേഖരിച്ചു. കൈക്കൂലി വാങ്ങി മറ്റാർക്കെങ്കിലും വഴിവിട്ട സഹായം ചെയ്തിട്ടുണ്ടോ, മറ്റ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. എൽസിയും പരാതിക്കാരിയുമായുള്ള ഫോൺ സംഭാഷണത്തിൽ ഇവിടെ മറ്റുപലർക്കും കൂടി പണം നൽകണമെന്ന് പറയുന്നുണ്ട്.