water

കോട്ടയം: പ്രളയത്തിനും ഉരുൾപൊട്ടലിനും പിറകേ ജില്ല രൂക്ഷമായ വരൾച്ചയിലേക്ക്. ജൂൺ വരെ വരൾച്ച നീളുമെന്ന മുന്നറിയിപ്പാണ് വിദഗ്ദ്ധർ നൽകുന്നത്. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും മിക്ക ഭാഗങ്ങളും വറ്റി വരണ്ടു. കിണറുകളിലെ ജലനിരപ്പും താഴ്ന്നു. പലയിടത്തും കുടിവെള്ള ക്ഷാമം നേരിടുന്നു. വേമ്പനാട്ടുകായലിലും ജലനിരപ്പ് താഴ്ന്നതോടെ ഒഴുക്കില്ലാതെ ജല മലിനീകരണവും രൂക്ഷമായി. ഓരു വെള്ളം മീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തി കുടിവെള്ള സ്രോതസുകളെ ബാധിച്ചേക്കുമെന്ന ഭീഷണിയുമുണ്ട്. പതിനൊന്ന് പമ്പിംഗ് സ്റ്റേഷനുകളാണ് മീനച്ചിലാറ്റിൽ മാത്രമുള്ളത്. ആറ്റിലെ ജലനിരപ്പ് താഴ്ന്ന് ഉപ്പുവെള്ളമെത്തിയാൽ പമ്പിംഗ് മുടങ്ങും.

വേനൽ രൂക്ഷമായത് കൃഷിയെയും ദോഷകരമായി ബാധിച്ചു. നെൽ കൃഷിക്ക്
മഞ്ഞളിപ്പ് രോഗം വ്യാപിക്കുകയാണ്. വാഴകൾ ഒടിഞ്ഞ് വൻ നഷ്ടമാണുണ്ടായിട്ടുള്ളത്. പച്ചക്കറി കൃഷിക്കും റബറിനും വരൾച്ച ദോഷകരമായി. റബ്ബറിന്റെ ഇലകൾ കൊഴിഞ്ഞത് ഉത്പാദനത്തെ ബാധിച്ചു.

എക്കലും മണ്ണും നീക്കം ചെയ്യാത്തതിനാൽ വേമ്പനാട്ടു കായലിലെ ജലനിരപ്പ് മീനച്ചിലാറിലും താഴ്ന്നത് ഒഴുക്കില്ലാതാക്കി. വേമ്പനാട്ട് കായലിൽ ഡ്രഡ്ജിംഗ് നടത്തി ആഴം കൂട്ടണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടിയായില്ല. പ്രളയവും ഉരുൾപൊട്ടലും മൂലം മണ്ണും കല്ലും നിറഞ്ഞതോടെ മീനച്ചിലാറിന്റെ ആഴവും കുറഞ്ഞു. ജില്ലയുടെ കിഴക്കൻ പ്രദേശത്താണ് കൂടുതൽ പ്രശ്നം.

ഓരുവെള്ളമെത്താതിരിക്കാൻ അഞ്ച് താത്ക്കാലിക മുട്ട് എല്ലാ വർഷവും മീനച്ചിലാറ്റിൽ പലയിടത്തായ് സ്ഥാപിക്കാറുണ്ട്. ഇതിന്റെ ജോലികൾ ആരംഭിച്ചിട്ടില്ല. നടപടി ക്രമങ്ങൾ പൂർത്തിയാകുമ്പോൾ സാധാരണ മഴക്കാലമെത്തും . ബണ്ട് സ്ഥാപിക്കലും ഒഴുക്കിൽ ബണ്ട് തകരലും കരാറുകാർക്ക് കാശുണ്ടാക്കാനുള്ള സ്ഥിരം കലാപരിപാടിയാണ്. താൽക്കാലിക ബണ്ട് നീക്കം ചെയ്യും മുമ്പ് ഒഴുക്കിൽ തകരുന്നതിനാൽ മണ്ണ് നീക്കം ചെയ്യാതെ ആറിന്റെ ആഴവും കുറയുന്നു.

 മണിമല പദ്ധതി

25 വർഷം മുമ്പ് ആരംഭിച്ച മണിമല പദ്ധതിയിൽ നിന്ന് ഒരു തുള്ളി വെള്ളം ലഭ്യമായിട്ടില്ല. വെള്ളാവൂർ, മണിമല,ചെറുവള്ളി, വാഴൂർ,ആനിക്കാട് വടക്ക് എന്നീ പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിക്ക് 2004ൽ പൂർണ അനുമതി ലഭിച്ചു. 2008ൽ കിണറും 2012ൽ സ്റ്റോറേജ് ടാങ്കും പൈപ്പുമിട്ടു .2017ൽ പണികൾ മുഴുവൻ പൂർത്തിയായി . സാങ്കേതിക തടസത്തിന്റെ പേരിൽ ഇതുവരെ കുടിവെള്ളം ലഭ്യമാക്കിയിട്ടില്ല.

' കൊവിഡ് രൂക്ഷമായതോടെ അക്കാര്യങ്ങളാണ് കാബിനറ്റിൽ ചർച്ച ചെയ്യുന്നത്. വരൾച്ചാ പ്രശ്നം അടുത്ത കാബിനറ്റിൽ ചർച്ച ചെയ്ത് ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ വരൾച്ച നേരിടുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കും.

- മന്ത്രി വി.എൻ വാസവൻ