
കോട്ടയം: കൊവിഡും ലോക്ക് ഡൗണും മൂലം തകർന്ന ജലടൂറിസത്തെ കരകയറ്റുന്നതിന്റെ ഭാഗമായി ശിക്കാര വള്ളങ്ങൾ സർവീസിന് ഒരുങ്ങി. ഉൾനാടൻ ജലഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി. ജില്ലയുടെ പൈതൃക കേന്ദ്രങ്ങളിലൂടെ സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. കായൽപ്പരപ്പിലൂടെ വലിയ വള്ളങ്ങൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഉൾനാടൻ ജലപാത പലപ്പോഴും ടൂറിസത്തിൽ ഉൾപ്പെടാതെ പോകുന്ന സ്ഥിതിയാണ്. ഇതിന് മാറ്റം വരുത്തുകയാണ് ലക്ഷ്യം. സ്വകാര്യ വ്യക്തികളുടെ പക്കൽ ശിക്കാര വള്ളങ്ങൾ ഉണ്ടെങ്കിലും സർക്കാർ തലത്തിൽ ആദ്യമായാണ് ശിക്കാര വള്ളം പരീക്ഷിക്കുന്നത്. നിലവിൽ രണ്ട് ശിക്കാര വള്ളങ്ങൾ എറണാകുളത്ത് നിന്ന് കോടിമതയിലെ ബോട്ട് ജെട്ടിയിൽ എത്തിച്ചിട്ടുണ്ട്. ആദ്യം ഒരു വള്ളം കൊണ്ടുവന്നെങ്കിലും മലരിക്കൽ ടൂറിസത്തിനായി വാടകയ്ക്ക് നൽകുകയായിരുന്നു.
പരീക്ഷണാർത്ഥം അടുത്തയാഴ്ച മാന്നാനം- കുമരകം റൂട്ടിലാണ് സർവീസ് ആരംഭിക്കും. പുരാത പാതകളിലെ പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേയ്ക്കും സർവീസ് ഉണ്ടാകും. യാത്രക്കാർ ആവശ്യപ്പെടുന്നതിന് അനുസരിച്ചും റൂട്ടുകൾ ക്രമീകരിക്കും.
 ശിക്കാര വള്ളത്തിൽ 20 പേർക്ക് സഞ്ചരിക്കാം.
 സ്രാങ്കിനെ കൂടാതെ രണ്ട് ജീവനക്കാർ കൂടി
 യാത്രക്കാരായി പരമാവധി 17 പേർ മാത്രം
 സർവീസ് ഉൾനാടൻ ജലപാതകളിലൂടെ
'ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് ബാധിച്ചതിനാലാണ് ശിക്കാര വള്ളത്തിന്റെ സർവീസ് വൈകിയത്. അടുത്തയാഴ്ച ആരംഭിക്കും. സർവീസ് ക്രമീകരണം പരീക്ഷണ ഓട്ടത്തിന് ശേഷം തീരുമാനിക്കും.'
- ഡി.ടി.പി.സി സെക്രട്ടറി