പാലാ : കരൂർ പഞ്ചായത്തിലെ വലവൂരിലെ ട്രിപ്പിൾ ഐ.ടിയിലേക്കുള്ള എല്ലാ ഗ്രാമീണ റോഡുകളും ദേശീയ നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ചു. പാലാ മേഖലയിലെ എല്ലാ പ്രധാന റോഡുകളിൽ നിന്ന് ട്രിപ്പിൾ ഐ.ടി ഭാഗത്തേയ്ക്ക് ഇനി സുഖ യാത്ര നടത്താം.
കേന്ദ്ര റോഡ് ഫണ്ട് വിനിയോഗിച്ചായിരുന്നു നവീകരണം. ബിറ്റുമിൻ മെക്കാഡം &ബിറ്റുമിൻ കോൺക്രീറ്റ് സങ്കേതിക വിദ്യയിലാണ് ടാറിംഗ്.
2018ൽ ടെൻഡർ ചെയ്ത പദ്ധതി കാലാവസ്ഥ വ്യതിയാനവും മറ്റുമായി നീണ്ടുപോയിരുന്നു. അവസാനഘട്ട ടാറിംഗ് വള്ളിച്ചിറ - പുലിയന്നൂർ റോഡിലായിരുന്നു. പ്രാദേശിക കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈൻ പുന:ക്രമീകരണം, കലുങ്ക് നിർമാണം എന്നിവയും പദ്ധതിയുടെ അതിവേഗപൂർത്തീകരണത്തിന് പലയിടത്തും തടസങ്ങൾ സൃഷ്ടിച്ചിരുന്നു. രാജ്യസഭാഗം ജോസ് കെ മാണിയുടെ ഇടപെടലിലാണ് തർക്കങ്ങൾ പരിഹരിച്ചത്.
കരൂർ, മുത്തോലി പഞ്ചായത്തുകളിലായി 6 ഗ്രാമീണ പി.ഡബ്ല്യു.ഡി റോഡുകളാണ് 17 കോടി മുടക്കിൽ ഉന്നത നിലവാരത്തിലാക്കിയത്.
5 മീറ്റർ വീതി ഉറപ്പാക്കിയാണ് ടാറിംഗ്. അറ്റകുറ്റപണി ഇനത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് വലിയ ലാഭമാണ് ഉണ്ടായത്.
പുലിയന്നൂർ, വള്ളിച്ചിറ, വള്ളിച്ചിറ മങ്കൊമ്പ് വലവൂർ ,വള്ളിച്ചിറ, നെല്ലാനിക്കാട്ട് പാറ വലവൂർ, വലവൂർ ചക്കാമ്പുഴ, നെച്ചിപ്പുഴൂർ ആമേറ്റുപള്ളി ഫാത്തിമാപുരം റോഡുകളാണ് നവീകരിച്ചത്.
സ്മാർട്ടായത് 17 കി.മീറ്റർ
17കോടിയുടെ പദ്ധതി
പൊതുമരാമത്ത് വകുപ്പിനും നേട്ടം
വെള്ളക്കെട്ട് തടയും
വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ കലുങ്കുകൾ, ഓട, സംരക്ഷണഭിത്തി എന്നിവയും നിർമ്മിച്ചു. അവസാനഘട്ട മിനിക്കുപണികളുടെ ഭാഗമായി ഫ്ലൂറസന്റ് മാർക്കിംഗ്, റിഫ്ലക്ടിംഗ് സ്റ്റഡുകൾ, ദിശബോർഡുകൾ, സുരക്ഷാ ബോർഡുകൾ എന്നിവയും സ്ഥാപിക്കും.കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുള്ള ദേശീയപാതാ വിഭാഗം കാഞ്ഞിരപ്പള്ളി സബ്ഡിവിഷൻ ഓഫീസിന്റെ മേൽനോട്ടത്തിലാണ് റോഡ് നിർമ്മാണം നടപ്പാക്കിയത്.
വള്ളിച്ചിറ - പുലിയന്നൂർ ലിങ്ക് ബൈപാസ് നേട്ടം
കേന്ദ്ര പദ്ധതിയിൽ നവീകരിച്ച വള്ളിച്ചിറ - പുലിയന്നൂർ ലിങ്ക് റോഡ് ഈ മേഖലയിൽ ഒരു പുതിയ ഗതാഗത മാർഗം കൂടി നാടിന് തുറന്നു കൊടുത്തു.
കോട്ടയം- പാലാ സംസ്ഥാന പാതയേയും പാലാ- കോഴാ റോഡിനെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. നേരത്തെ റോഡ് ഉണ്ടായിരുന്നുവെങ്കിലും വീതി കുറവായതിനാൽ ഇരുനിര വാഹന ഗതാഗതം സുഗമമല്ലായിരുന്നു. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി ഭാഗങ്ങളിൽ നിന്നും പാലാ, അരുണാപുരം, മുത്തോലി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കുമുള്ള യാത്രക്കാർക്ക് കൊട്ടാരമറ്റവും ബൈപാസും ഒഴിവാക്കി തിരക്ക് കുറഞ്ഞ റോഡിലൂടെ തടസമില്ലാതെ ഏറ്റുമാനൂർ റോഡിലേക്കും തിരികെ വൈക്കം റോഡിലേക്കും ഇനി യാത്ര ചെയ്യാം.