പാലാ : കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പാലാ ജനറൽ ആശുപത്രിയിൽ ജീവനക്കാർക്കായി ഇന്റർവ്യു. ഇന്നലെ വൈകിട്ട് 3 നാണ് ആശുപത്രിയുടെ മൂന്നാം നിലയിലെ കുടുസു വരാന്തയിൽ ഉദ്യോഗാർത്ഥികളെ കുത്തിനിറച്ച് ഇന്റർവ്യൂ പ്രഹസനം നടത്തിയത്.
ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും, ആർ.എം.ഒ.യുടെയും നേതൃത്വത്തിലായിരുന്നു നിയമലംഘനം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡോക്ടർമാരുൾപ്പെടെ 11 തസ്തികകളിലേക്കാണ് താത്കാലിക നിയമനത്തിന് ഇന്റർവ്യു നടത്തിയത്. കൊവിഡ് ബ്രിഗേഡ് ലിസ്റ്റിൽ നിന്ന് പുനർനിയമനം നൽകുന്നുവെന്നായിരുന്നു അഭിമുഖത്തിൽ കാണിച്ചിരുന്നത്. ഇതിനായി കൊവിഡ് ബ്രിഗേഡ് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും മറ്റനുബന്ധ രേഖകളുമായി പങ്കെടുക്കാനായിരുന്നു നിർദ്ദേശം. ഉച്ചതിരിഞ്ഞ് രണ്ടോടെ ഡോക്ടർമാർ, നഴ്‌സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ലാബ് ടെക്‌നീഷ്യൻ, നഴ്‌സിംഗ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ്, എക്‌സ്‌റേ ടെക്‌നീഷ്യൻ, ഫാർമസിസ്റ്റുമാർ ഉൾപ്പെടെ ഇരൂന്നൂറോളം പേരാണ് തടിച്ചുകൂടിയത്. സത്രീകളായിരുന്നു എത്തിയവരിൽ കൂടുതലും. മുമ്പ് കൊവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർ മാത്രം ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും നിരവധിപ്പേർ ജോലി പ്രതീക്ഷിച്ച് എത്തിയിരുന്നു.

കുടുസ് വരാന്തയിൽ തിക്കിത്തിരക്കി

അടച്ചുകെട്ടിയ വരാന്തയിൽ ഉദ്യോഗാർത്ഥികൾ തടിച്ചുകൂടിയിട്ടും ബന്ധപ്പെട്ടവർ ഇവരെ കൊവിഡ് അകലം പാലിച്ച് മാറ്റിനിറുത്താൻ പോലും തയ്യാറായില്ല. നേരത്തെ ജനറൽ ആശുപത്രിയിലെ കൊവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്ക് മാത്രമേ പുതുതായി നിയമനം കൊടുക്കുന്നുള്ളൂവെന്നും ഇതിനായുള്ള ലിസ്റ്റ് തയ്യാറാക്കുന്നതിനാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എങ്കിൽ എന്തിനാണ് ഇങ്ങനെയൊരു ഇന്റർവ്യൂ പ്രഹസനം നടത്തിയത് എന്നാണ് അറിയിപ്പ് കണ്ട് എത്തിയ ഭൂരിപക്ഷംപേരും ചോദിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇന്റർവ്യൂ നടത്തിയ നടപടിക്കെതിരെ ആരോഗ്യമന്ത്രിയ്ക്കും, ഡി.എം.ഒ.യ്ക്കും പരാതി നൽകുമെന്ന് പാലാ പൗരസമിതി പ്രസിഡന്റ് പി.പോത്തൻ പറഞ്ഞു.