അടിമാലി: ആദിവാസി മേഖലകളിൽ കൊവിഡ് പരിശോധന സൗജന്യമായി നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. അടിമാലി ഗ്രാമ പഞ്ചായത്തിൽ അതിവിദൂരതയിലുള്ള കുറത്തിക്കുടി മുതൽ പതിനാലോളം കുടികളിലെ കൊറണ ബാധിതർ സാമ്പത്തിക ക്ലേശം നിമിത്തം പരിശോധനക്ക് വിധേയമാകുന്നില്ല. ഇത് വ്യാപകമായി രോഗം പടരാൻ ഇടവരുത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. 30 പേർക്കാണ് ആദിവാസി കൂടികളിൽ നിന്നും കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യഥാർത്ഥ കൊവിഡ് ബാധിതരുടെ എണ്ണം ഇതിലും പതിൻ മടങ്ങാണ്. സ്വകാര്യ ലാബുകളിൽ പോയി പരിശോധന നടത്താൻ ആദിവാസി വിഭാഗങ്ങൾ തയ്യാറകുന്നില്ല. ഒന്നും രണ്ടും ഘട്ടങ്ങളിൽ കുടികളിൽ നേരിട്ട് എത്തി സൗജന്യ കൊവിഡ് പരിശോധനയായിരുന്നു നടന്നുവന്നിരുന്നത്. മൂന്നാം ഘട്ടത്തിൽ പരിശോധന പൂർണ്ണമായും സ്വകാര്യ മേഖലയിൽ ആക്കിയിരിക്കുകയാണ്.
ആദിവാസി മേഖലകളിൽ കൊവിഡ് പരിശോധന നിരക്ക് വളരെ കുറവായതിനാൽ രോഗവ്യാപന നിരക്ക് നിലവിലുള്ള കണക്കുകളേക്കാൾ കൂടുതൽ ആണ്. അതിനാൽ ആദിവാസി കുടികളിൽ സൗജന്യമായി കൊവിഡ് പരിശോധന വളരെ അടിയന്തരമായി ആരംഭിക്കേണ്ടിയിരിക്കുന്നു.