suresh

കോട്ടയം: കുറിച്ചിയിൽ മൂർഖനെ പിടിച്ച് ചാക്കിൽ കയറ്റുന്നതിനിടെ വാവ സുരേഷിന് കടിയേറ്റു. തുടയിൽ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ സുരേഷ് കോട്ടയം മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലാണ്. തലച്ചോറിന്റെ പ്രവർത്തനം ആശങ്കാജനകമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ വൈകിട്ട് നാലോടെ കുറിച്ചി പാട്ടാശ്ശേരിയിൽ വാണിയപ്പുരയ്ക്കൽ ജലധരന്റെ വീട്ടിൽനിന്നാണ് മൂർഖനെ പിടികൂടിയത്. കടിയേറ്റിട്ടും മനഃസാന്നിദ്ധ്യത്തോടെ പാമ്പിനെ ചാക്കിലാക്കി. തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ബോധരഹിതനാവുകയായിരുന്നു.

നാല് ദിവസങ്ങൾക്ക് മുമ്പാണ് ജലധരന്റെ വീട്ടിലെ പശുത്തൊഴുത്തിന് സമീപം കൽക്കെട്ടിൽ പാമ്പിനെ കണ്ടത്. വീട്ടുകാർ വാവ സുരേഷിനെ വിളിക്കുകയും അദ്ദേഹം ഇന്നലെ വൈകിട്ട് എത്തുകയുമായിരുന്നു.
കടി വിടാതിരുന്ന പാമ്പിനെ സുരേഷ് ബലമായാണ് വലിച്ചു മാറ്റിയത്. നിലത്തുവീണ പാമ്പ് കൽക്കെട്ടിനകത്തേക്കു ഇഴഞ്ഞു പോയെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി. കടിയേറ്റ ഭാഗം പരിശോധിച്ചശേഷം, കൂടിനിന്നവരോട് ഭയപ്പെടേണ്ടെന്ന് സുരേഷ് പറഞ്ഞെങ്കിലും ആളുകൾ പരിഭ്രാന്തരാവുകയും ഒരാൾ ബോധരഹിതനായി വീഴുകയും ചെയ്തു.
അസ്വസ്ഥത അനുഭവപ്പെട്ടതോടെ തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബോധരഹിതനായി. തുടർന്ന് അടുത്തുള്ള ഭാരത് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകി. ഹൃദയമിടിപ്പ് താഴുകയും തലച്ചോറിന്റെ പ്രവർത്തനം ആശങ്കാജനകമാവുകയും ചെയ്തതോട‌െ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വിവരമറിഞ്ഞ് മന്ത്രി വി.എൻ. വാസവൻ ആശുപത്രിയിലെത്തി വിദഗ്ദ്ധ ചികിൽസയ്ക്ക് സൗകര്യമൊരുക്കി. ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

പാമ്പ് കടിയേറ്റതിനെ തുടർന്ന് മുമ്പ് പന്ത്രണ്ടിലേറെ തവണ സുരേഷ് ഗുരുതരാവസ്ഥയിലായിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി 13ന് പാമ്പ് പിടിക്കുന്നിതിനിടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ സുരേഷിന് ദിവസങ്ങൾക്ക് ശേഷമുള്ള ചികിത്സയിലൂടെയാണ് ജീവൻ തിരിച്ചുകിട്ടിയത്.

പാമ്പിനെ പിടികൂടാൻ ഫോറസ്റ്റ് അധികൃതരെ വിളിച്ചിരുന്നതായി വാർഡ് മെമ്പർ പൊന്നമ്മ സത്യൻ പറഞ്ഞു.