
കോട്ടയം: എം.ജി സർവ്വകലാശാലയിൽ കൈക്കൂലിക്കേസിൽ അറസ്റ്റിലായ സി.ജെ. എൽസിയെ അടക്കം
അനധികൃതമായി നിയമിച്ചവരെ മടക്കി അയയ്ക്കണമെന്നും തീരുമാനം കൈക്കൊണ്ട സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ നടപടി വേണമെന്നുമുള്ള ധനകാര്യ പരിശോധനാ വകുപ്പിന്റെ ശുപാർശയിലും യൂണിവേഴ്സിറ്റി അടയിരുന്നു. രണ്ടു വർഷം മുമ്പ് നൽകിയ ശുപാർശ നടപ്പാക്കിയിരുന്നെങ്കിൽ 2017 കാലത്തെ സിൻഡിക്കേറ്റ് അംഗവും പിന്നീട് മുൻമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ വ്യക്തി അടക്കമുള്ളവർ അഴിമതിവലയിൽ കുടുങ്ങുമായിരുന്നു.
എൽസി അടക്കമുള്ളവരെ യൂണിവേഴ്സിറ്റി അസിസ്റ്റന്റാക്കാൻ കൂടുതൽ തസ്തിക സൃഷ്ടിച്ചത് ക്രമവിരുദ്ധമാണെന്നാണ് ധനകാര്യ പരിശോധന (എൻ.ടി.ജി) വകുപ്പ് കണ്ടെത്തിയത്. എം.ജിയിലെ ക്രമവിരുദ്ധമായ പ്രൊമോഷൻ ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ പരാതിയിലാണ് 2020 ജനുവരി 22ന് ധനകാര്യ പരിശോധനാ വകുപ്പ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.
ബൈ ട്രാൻസ്ഫർ നിയമനങ്ങളിൽ ക്രമക്കേടുകളുണ്ടെന്നതായിരുന്നു പ്രധാന കണ്ടെത്തൽ. എൽസിയടക്കമുള്ളവർക്ക് പ്രമോഷൻ നൽകാനായി 2017ൽ ചട്ടം മാറ്റിയത് ക്രമവിരുദ്ധമാണെന്നും നിയമപ്രകാരം 10 പ്രമോഷൻ നൽകേണ്ടതിന് പകരം 28 തസ്തികകളിൽ പ്രൊമോഷൻ നൽകിയെന്നും കണ്ടെത്തി. ക്രമവിരുദ്ധമായി നിയമനം നേടിയവരെ തിരികെ പഴയ തസ്തികകളിലേക്ക് അയയ്ക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു. ഇതിനു വിരുദ്ധമായാണ് എൽസിയുടെ നിയമനം നിയമവിധേയമാണെന്ന് ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തെറ്റിദ്ധരിപ്പിച്ചത്.
 ക്രമവിരുദ്ധത ഇങ്ങനെ
എൻട്രി കേഡറായ അസിസ്റ്റന്റ്, പ്രൊമോഷൻ തസ്തികകളായ സെക്ഷൻ ഗ്രേഡ്, അസി. സെക്ഷൻ ഓഫീസർ എന്നീ 3 വിഭാഗങ്ങളിലായി 238 തസ്തികകൾ വീതമാണുള്ളത്. എം.ജിയിൽ അന്നുവരെ എൻട്രി കേഡറിന്റെ 4 ശതമാനം പ്യൂൺ പ്രൊമോഷന് നീക്കിവച്ചിരുന്നു. ഇങ്ങനെ 10 തസ്തികകളാണുള്ളത്. എന്നാൽ, വ്യവസ്ഥ തിരുത്തി 714 തസ്തികകളുടെ 4 ശതമാനം പ്യൂൺ പ്രൊമോഷനായി നീക്കി വച്ചു. അതോടെ തസ്തികകൾ 28 ആയി ഉയർന്നു. എൽസി അടക്കമുള്ളവർക്ക് പ്രമോഷനും ലഭിച്ചു.