മണിയാപറമ്പ് : നാലു പതിറ്റാണ്ടിലേറെ മുടങ്ങിക്കിടന്ന ചീപ്പുങ്കൽ - മണിയാപറമ്പ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി വി.എൻ വാസവൻ വിലയിരുത്തി. റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മേയ് മാസം അവസാനത്തോടെ റോഡ് നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ, ചേർത്തല കുമരകം റോഡിൽനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള ബൈപ്പാസായി ഇതു മാറും. 40 കോടി രൂപയാണ് നിർമ്മാണ ചെലവ്. റോഡ് പൂർത്തിയാകുന്നതോടെ പടിഞ്ഞാറൻ പ്രദേശവാസികൾക്കടക്കമുള്ളവർക്ക് എറണാകുളം യാത്രയ്ക്ക് ആറ് കിലോമീറ്ററോളം കുറവ് ഉണ്ടാകും. കുമരകത്ത് എത്താതെ തന്നെ ആലപ്പുഴയിലേക്കും യാത്ര സാധിക്കും. കൂടാതെ ചേർത്തല, വൈക്കം, കുമരകം പ്രദേശത്തുള്ളവർക്ക് കോട്ടയം മെഡിക്കൽ കോളേജിൽ എളുപ്പം എത്താനും സാധിക്കും. ചേർത്തലയിൽനിന്നുള്ളവർക്ക് 45 മിനിറ്റുകൊണ്ടും കുമരകത്തുനിന്ന് 20 മിനിറ്റുകൊണ്ടും മെഡിക്കൽ കോളേജിൽ എത്തിച്ചേരാം. പൂർണമായും അഞ്ച് പാടങ്ങളിലൂടെ കടന്നുപോകുന്ന റോഡ് കർഷകർക്ക് ഏറെ പ്രയോജനകരമാകും. ഗതാഗതം സാദ്ധ്യമാവുന്നതോടെ കൃഷിചെലവിൽ ഏക്കറൊന്നിന് രണ്ടായിരം രൂപയെങ്കിലും കുറവുവരും. വാഹന സൗകര്യമില്ലാത്തതിനാൽ നെല്ല് സംഭരണം വൈകുന്ന പരാതിക്കും പരിഹാരമാകും. അയ്മനം, ആർപ്പൂക്കര പ്രദേശങ്ങളുടെ ടൂറിസം വികസനത്തിനും റോഡ് പ്രതീക്ഷയാണ്. മണിയാപറമ്പിൽനിന്ന് ചീപ്പുങ്കൽവരെ അഞ്ചരകിലോമീറ്ററാണ് ദൈർഘ്യം. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് 47 പൈപ്പ് കൾവെർട്ടുകളും 9 ബോക്‌സ് കൾവെർട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. ഒരു പാലവും ഇതിനിടയിലുണ്ട് .