നെടുംകുന്നം : നാടൻ കുത്തരി വീണ്ടും വിപണിയിലെത്തിച്ച് നെടുംകുന്നത്തെ കർഷകരുടെ കൂട്ടായ്മ. മുളയംവേലിതെങ്ങുംപള്ളി, നാരകച്ചാൽ എന്നീ പാടങ്ങളിൽ നിന്ന് വിളവെടുത്ത നെല്ല് കുത്തി നാടൻ കുത്തരിയാക്കിയാണ് കർഷകർ ഇക്കുറിയും പ്രാദേശിക വിപണിയിലെത്തിച്ചത്. മൂന്നാം വർഷമാണ് സ്വന്തമായി വിളവെടുത്ത് നെല്ല് കുത്തി അരിയാക്കി ഇവർ വില്പനയ്‌ക്കെത്തിക്കുന്നത്. വർങ്ങളായി തരിശുകിടന്ന പാടത്ത് മൂന്നു വർഷം മുൻപാണ് കർഷക കൂട്ടായ്മ നെൽക്കൃഷി ആരംഭിച്ചത്. ഇക്കുറി രണ്ട് ടണ്ണിലേറെ നെല്ലാണ് വിളവെടുത്തത്. നെല്ല് വിൽക്കുന്നതിനേക്കാൾ ലാഭം അരിയായി വിപണിയിലെത്തിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെകുത്തരി ഉത്പാദനത്തിലേക്ക് തിരിഞ്ഞു. വിപണനോദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഹേമലത പ്രേംസാഗർ ബ്ലോക്കംഗം ലതാ ഉണ്ണിക്കൃഷ്ണന് കൈമാറി നിർവഹിച്ചു. പഞ്ചായത്തംഗം വീണ ബി.നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാപഞ്ചായത്തംഗം അജിത്ത് മുതിരമല, അഡ്വ.പി.സി മാത്യു, ജോസ് വഴിപ്ലാക്കൽ, കെ.ഡി സാബു, സി.ബി സദാശിവൻ, പി.ജെ ജോസഫ്, ജോസഫ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.