train

കൊൽക്കത്ത: ട്രെയിൻ പാളംതെറ്റി മൂന്നുയാത്രക്കാർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഗുവാഹത്തി-ബിക്കാനിർ എക്‌സ്പ്രസ് (15633) ആണ് പശ്ചിമബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ മൈനാഗുരിക്ക് സമീപം പാളംതെറ്റിയത്. ഇന്ന് വൈകിട്ട് 5.15 ഓടെയാണ് അപകടമുണ്ടായത്. കാരണം വ്യക്തമല്ല. മരിച്ചവരിലും പരിക്കേറ്റവരിലും മലയാളികൾ ആരെങ്കിലും ഉണ്ടോ എന്ന് അറിവായിട്ടില്ല.1,200 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നതെന്നാണ് അറിയുന്നത്:.

ട്രെയിനിന്റെ 12 ബോഗികൾ അപകടത്തിൽപ്പെട്ടുവെന്നും പാളംതെറ്റിയ ബോഗികൾ പരസ്പരം ഇടിച്ചുകയറുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്.

പെട്ടെന്ന് ഒരു കുലുക്കം അനുഭവപ്പെടുകയും ബോഗികൾ പാളം തെറ്റുകയുമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നത്. ബംഗാളിലെ വടക്കൻ പ്രദേശമായ മൈനാഗുരിയിലാണ് അപകടം സംഭവിച്ച ഡോമോഹാനി സ്ഥിതി ചെയ്യുന്നത്.

പാളം തെറ്റിയ സ്ഥലത്ത് റെയിൽവേ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അട്ടിമറി സാദ്ധ്യതയും അന്വേഷിക്കുന്നുണ്ട്.