
ഹൈദരാബാദ് : ഐസ്‌ക്രീം എന്നുകേൾക്കുമ്പോഴേ ഒട്ടുമിക്കവരുടെയും വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയും. ഐസ്ക്രീം പ്രേമികൾക്കായി എത്തിയിരിക്കുകയാണ് ഒരു പുതുപുത്തൻ ഐറ്റം. പുതുപുത്തൻ എന്ന് പറഞ്ഞാൽ പോര. കക്ഷി അതുക്കും മേലെയാണ്. സ്വർണം കൊണ്ടുണ്ടാക്കിയതാണ് ഇത്. സംശയം ലവലേശം വേണ്ട 24 കാരറ്റ് സ്വർണത്തിൽ തീർത്തതുതന്നെ. ഭക്ഷ്യയോഗ്യമാണോ എന്നപേടിയും വേണ്ട. രുചിയോടെ മൂക്കുമുട്ടെ അകത്താം.
ഹൈദരാബാദിലെ ഹ്യൂബർ ആൻഡ് ഹോളി കഫെയിലാണ് സ്വർണ ഐസ്ക്രീം നിർമ്മിക്കുന്നത്. ചോക്ലേറ്റിൽ നിർമ്മിച്ച കോണിലേക്ക് ഐസ്ക്രീം നിറയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് അതിനുമുകളിൽ വളരെ നേർത്ത സ്വർണത്തിന്റെ ഷീറ്റുവയ്ക്കും. എല്ലാം കഴിഞ്ഞ് ഏറ്റവും മുകളിലായി ചെറിപഴങ്ങൾ കൂടി വയ്ക്കുന്നതോടെ സ്വർണ ഐസ്ക്രീം റെഡി. വില കൂടുതലാണെന്ന് കരുതിയെങ്കിൽ തെറ്റി. അഞ്ഞൂറുരൂപയും ടാക്സും മാത്രമാണ് വില.
അഭിനവ് ജെസ്വാനി എന്ന ഫുഡ് ബ്ളോഗറാണ് വീഡിയോ പകർത്തിയത്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിനുപേരാണ് വീഡിയോ കണ്ടത്.