kk

ഇന്ന് സ്വാമി ആനന്ദതീർത്ഥരുടെ 117-ാം ജന്മവാർഷിക ദിനം

മനുഷ്യത്വം സ്ഥാപിക്കുന്നതിന് ജന്മമെടുത്ത ഗുരുവിന്റെ ദർശനങ്ങളെ പ്രായോഗികമാക്കിയ ധീരനായ സന്യാസി ശിഷ്യനായിരുന്നു സ്വാമി ആനന്ദതീർത്ഥർ. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ബൃഹത്തായ സന്ദേശം കേരളം മുഴുവൻ പ്രചരിപ്പിക്കാനും നടപ്പിൽ വരുത്താനും പ്രവർത്തിക്കുന്നതിനിടയിൽ നിരവധി ക്രൂരമർദ്ദനങ്ങൾ സഹിക്കേണ്ടിവന്ന സന്യാസി കേരളത്തിലെന്നല്ല, ഭാരതത്തിൽ പോലും കാണുകയില്ല.

ശ്രീനാരായണഗുരുവിന്റെ നിരവധി സന്യസ്ഥ - ഗൃഹസ്ഥ ശിഷ്യന്മാർക്ക് ജന്മം നൽകിയ കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തിൽ അറിയപ്പെടുന്ന തലശേരിയിൽ തന്നെയാണ് ഈ അന്തിമ ശിഷ്യന്റെയും ജനനം. 1905 ജനുവരി 2ന് സാരസ്വത ബ്രാഹ്മണ കുടുംബത്തിൽപ്പെട്ട രാമചന്ദ്രറാവിന്റെയും ദേവുഭായിയുടെയും മകനായി ജനിച്ചു. പേര് അനന്തഷേണായി. തലശേരി ബ്രണ്ണൻ ഹൈസ്‌കൂളിലും ബ്രണ്ണൻ കോളേജിലും പഠനം. മദിരാശി പ്രസിഡൻസി കോളേജിൽ ഉപരിപഠനം 1926ൽ എം.എ ഫിസിക്‌സിൽ രണ്ടാം റാങ്കോടുകൂടി ഉന്നത വിജയം. പഠനകാലത്ത് തന്നെ ശ്രീനാരായണഗുരുവിനെക്കുറിച്ചു അറിയാനും കൂടുതൽ മനസിലാക്കാനും ശ്രദ്ധിച്ചു. നാരായണഗുരു സമാധി ആവുന്നതിനു 23 ദിവസം മുമ്പ് അനന്തഷേണായിയെ ആനന്ദതീർത്ഥനാക്കി ഒടുവിലത്തെ ശിഷ്യനായി വാഴിച്ചു.

സന്യാസം സ്വീകരിച്ചതിനുശേഷം അദ്ദേഹം ഹരിജനോദ്ധാരണമാണ് തന്റെ പ്രവർത്തന മേഖലയായി സ്വീകരിച്ചത്. പരിഷ്കൃത ജീവിതത്തിന്റെ ചട്ടവട്ടങ്ങളൊന്നുമില്ലാത്ത സ്വാമിയുടെ വേഷം കാവി മുക്കിയ പരുക്കൻ ഖാദി വസ്ത്രമാണ്. ഇരുപത്തഞ്ചുവയസു മാത്രമുള്ള യുവകോമളനായ അനന്തഷേണായി ജീവിതത്തിന് ആരും കാണാത്ത മറ്റൊരു അർത്ഥം കല്പിച്ചു.

അയിത്തത്തിനെതിരായ പ്രത്യേക നടപടി എന്ന നിലയിൽ ഹരിജനങ്ങളെ വിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുന്നതിന് വേണ്ടി മലബാറിൽ ഇദ്ദേഹം സ്ഥാപിച്ച അനേകം ഹരിജൻ ഹോസ്റ്റലുകളിൽ പയ്യന്നൂരിലെ ശ്രീനാരായണവിദ്യാലയം പ്രശസ്തമായ നിലയിൽ ഇന്നും നടന്നുവരുന്നു. 1931 നവംബർ 21ന് വെറും അഞ്ച് കുട്ടികളുമായി ആരംഭിച്ച ഇൗ സ്ഥാപനം 500 ൽപ്പരം ഹരിജന വിദ്യാർത്ഥികൾക്ക് വിദ്യ അഭ്യസിക്കുന്നതിനും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ ലഭിക്കുന്നതിനും ഇടയാക്കി.. സന്ദർശന വേളയിൽ മഹാത്മജി അവിടെ നട്ടമാവ് ``ഗാന്ധിമാവ്'' എന്ന പേരിൽ ഇന്നും പടർന്നു പന്തലിച്ചുനിൽക്കുന്നുണ്ട്.

കേളപ്പജിയോടൊപ്പം ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന് ശേഷം സ്വാമികൾ നടത്തിയ മറ്റൊരു പോരാട്ടമാണ് അവിടെതന്നെയുള്ള ഉൗട്ടുപുരയിൽ അബ്രാഹ്മണർക്കും സദ്യ നൽകണമെന്നുള്ളത്. ഇൗ പോരാട്ടത്തിൽ ഇദ്ദേഹം പൊലീസുകാരുടെ ക്രൂര മർദ്ദനങ്ങൾക്കിടയായി. ഇതോടുകൂടി ഇദ്ദേഹം തീർത്തും അവശനായി. ജാതി പിശാചിനെതിരെയുള്ള സമരത്തിൽ വിജയിച്ചെങ്കിലും പ്രായാധിക്യത്തിലേറ്റ മർദ്ദനം കാരണം സമാധി പ്രാപിക്കുന്നത് വരെ തീർത്തും അവശനായിരുന്നു.

പയ്യന്നൂരിൽ ശ്രീനാരായണവിദ്യാലയം സ്ഥാപിച്ചത് 1931 നവംബർ 21ന് ആണ്. സ്വാമികൾ സമാധി ആവുന്നത് 1987 നവംബർ 21നും. നവംബർ 21 സ്വാമിയെ സ്നേഹിക്കുന്നവർക്കും ശ്രീനാരായണ വിദ്യാലയത്തെ സ്നേഹിക്കുന്നവർക്കും എന്നും മറക്കാനാവാത്ത ഒരു പുണ്യദിനം കൂടിയാണ്.

ലേഖകന്റെ ഫോൺ: 0490 2315450, 9639928654.