photo

അടുത്തകാലത്ത് മാദ്ധ്യമശ്രദ്ധ ആകർഷിച്ചതും ചർച്ചചെയ്യപ്പെട്ടതുമായ വിഷയമാണ് ദത്തും (adoption) ബന്ധപ്പെട്ട നടപടിക്രമങ്ങളും. ദത്ത് എന്നാൽ അർത്ഥമാക്കുന്നത് സന്താനമില്ലാതെ വരുമ്പോൾ അന്യസന്താനത്തെ സ്വന്തം സന്താനമായി സ്വീകരിക്കാൻ നിയമം അനുവദിക്കുന്ന സമ്പ്രദായമെന്നാണ്. പുരാതനകാലം മുതൽ നിലനിന്നിരുന്ന സമ്പ്രദായമാണ് ദത്ത്. അക്കാലത്ത് പ്രധാനമായും ഉന്നതകുടുംബങ്ങളിൽ അനന്തരാവകാശികൾ ഇല്ലാത്ത സന്ദർഭങ്ങളിൽ ദത്തെടുക്കൽ സമ്പ്രദായം നിലവിലുണ്ടായിരുന്നു. മരുമക്കത്തായം നിലനിന്നിടത്ത് പെൺകുട്ടികളെയും മക്കത്തായം നിലനിന്നിടത്ത് ആൺകുട്ടികളെയുമാണ് ദത്തെടുത്തിരുന്നത്.

1956ൽ ഹിന്ദു ദത്തെടുക്കലും സംരക്ഷണവും എന്ന നിയമം നിലവിൽവന്നു. ഈ നിയമം ഹിന്ദുക്കൾ, ബുദ്ധമതക്കാർ,സിക്കുകാർ, ജൈനന്മാർ തുടങ്ങിയവർക്ക് മാത്രം ബാധകമായിരുന്നു. പ്രസ്തുത നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ട്. എന്നാൽ 2015ൽ വന്ന പരിഷ്‌കരിച്ച ബാലനീതിനിയമവും അതിനോടനുബന്ധിച്ച ഭേദഗതികളും മുൻനിയമങ്ങളെ അപേക്ഷിച്ച് ദത്തെടുക്കൽ നിയമങ്ങൾക്ക് കൂടുതൽ വ്യക്തതവരുത്തി.

ബാലനീതി നിയമപ്രകാരം അനാഥകുട്ടികൾ, ഉപേക്ഷിക്കപ്പെട്ട കുട്ടികൾ, അഭയം തേടിയ കുട്ടികൾ (Surrendered) വ്യക്തവും നിയന്ത്രണാതീതവുമായ കാരണങ്ങളാൽ പുനർവിവാഹിതരെപ്പോലുള്ള രക്ഷിതാക്കൾ സുരക്ഷിത അഭയകേന്ദ്രങ്ങളിലേക്ക് വിട്ടുകൊടുക്കുന്ന കുട്ടികൾ എന്നിവർക്ക് നിയമത്തിന്റെ പരിരക്ഷണത്തിൽ അഭയസ്ഥാനവും അവകാശങ്ങളും ലഭിക്കുന്ന പ്രക്രിയയായി ദത്ത് സമ്പ്രദായം മാറി. ഒരു കുട്ടി തനിക്ക് ജന്മം നല്കിയ മാതാപിതാക്കളിൽ നിന്ന് , എന്നെന്നേക്കുമായി നിയമം അനുശാസിക്കുന്ന രീതിയിൽ വേർപിരിഞ്ഞ് ദത്ത് മാതാപിതാക്കളുടെ കുട്ടിയായി പരിണമിച്ച് എല്ലാ പിന്തുടർച്ചാവകാശങ്ങളോടും ഉത്തരവാദിത്തത്തോടുകൂടി ഭാവിയിൽ ജീവിക്കുന്ന അവസ്ഥ.

ഒരു കുട്ടി ദത്തെടുക്കപ്പെടണമെങ്കിൽ അതിന് നിയമതടസമില്ലെന്ന് ഒരു പ്രഖ്യാപനം സർക്കാർ നിയമിച്ച സ്പെഷ്യലൈസ്ഡ് ദത്തെടുക്കൽ ഏജൻസിയോ, സംസ്ഥാന ഏജൻസിയോ വിശദമായ അന്വേഷണത്തിന് ശേഷം നടത്തേണ്ടതുണ്ട്.

ദത്തെടുക്കാൻ തയ്യാറാകുന്ന വ്യക്തി ആരോഗ്യവാനും ഊർജ്ജസ്വലനും ദത്തുകുട്ടിയെ വളർത്താൻ സാമ്പത്തികശേഷിയുള്ള ആളുമായിരിക്കണം. വിവാഹിതനോ, അവിവാഹിതനോ ഒരു കുട്ടിയെ ദത്തെടുക്കാം. എന്നാൽ അവിവാഹിതനോ പുരുഷനായ ഒറ്റ രക്ഷകർത്താവിനോ ഒരു പെൺകുട്ടിയെ ദത്തെടുക്കാൻ നിയമം അനുവദിക്കുന്നില്ല. അതേസമയം ദത്തെടുക്കാൻ യോഗ്യതയുള്ള ഒരു സ്ത്രീക്ക് ആൺകുട്ടിയേയോ പെൺകുട്ടിയേയോ ദത്തെടുക്കാം. ദമ്പതികൾ ദത്തെടുക്കുമ്പോൾ രണ്ടുപേരുടെയും സമ്മതം അനിവാര്യമാണ്. കുട്ടികളുള്ള ദമ്പതികൾക്കും ദത്തെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. കുട്ടികളില്ലാത്ത ദമ്പതികൾക്ക് ദത്തെടുക്കണമെങ്കിൽ രണ്ടുവർഷമെങ്കിലും നിലനിന്ന ദാമ്പത്യബന്ധം അവർക്കുണ്ടായിരിക്കണം.

ദത്ത് കുട്ടിയും ദത്ത് മാതാപിതാക്കളും തമ്മിലുള്ള പ്രായം സംബന്ധിച്ച് ചില നിബന്ധനകൾ ദത്ത് നിയമത്തിലുണ്ട്. നാലുവയസുവരെയുള്ള കുട്ടിയെ ദത്തെടുക്കുന്ന അപേക്ഷകരിൽ ഒരാളുടെ പ്രായം 45 ൽ കൂടാനും രണ്ടുപേരുടെയും കൂടിയുള്ള പ്രായം 90 ൽ കൂടാനും പാടില്ല. നാലിനുമുകളിൽ എട്ട് വയസുവരെയുള്ള കുട്ടികളെ ദത്തെടുക്കുന്ന അപേക്ഷകരിൽ ഒരാൾക്ക് 50 വയസിൽ കൂടാനും രണ്ടുപേർക്കും കൂടി 100 വയസിൽ കൂടാനും പാടില്ല. എട്ടിനു മുകളിൽ പതിനെട്ടുവരെ പ്രായമുള്ള കുട്ടിയുടെ ദത്തപേക്ഷകരിൽ ഒരാളുടെ പ്രായം 55 ൽ കൂടാനും രണ്ടുപേർക്കും കൂടി 110ൽ കൂടാനും പാടില്ലാത്തതാകുന്നു.

ദത്ത് മാതാപിതാക്കൾ ഏത് മതത്തിൽപ്പെട്ടവരായാലും ഒരു കുട്ടിയെ ദത്തെടുക്കാൻ വേണ്ടി നിബന്ധനകൾ പ്രകാരമുള്ള അപേക്ഷ സർക്കാർ നിശ്ചയിച്ചിട്ടുള്ള ദത്ത് ഏജൻസിക്ക് നൽകേണ്ടതുണ്ട്. അപേക്ഷയിലുള്ള വസ്തുതകളെപ്പറ്റി നിയമം അനുശാസിക്കുന്ന രീതിയിൽ അന്വേഷണം നടത്തി ദത്ത് അപേക്ഷകൻ യോഗ്യനെന്ന് ബോദ്ധ്യപ്പെട്ടാൽ ദത്ത് നല്കാൻ ഉദ്ദേശിക്കുന്ന കുട്ടിയുടെ വിശദപഠന റിപ്പോർട്ടും മെഡിക്കൽ റിപ്പോർട്ടും അപേക്ഷകന് അയച്ചുകൊടുക്കും. അപേക്ഷകൻ സമ്മതം നല്കിയാൽ അധികാരികൾ ബന്ധപ്പെട്ട കോടതിയിൽ നിന്ന് അനുവാദം വാങ്ങി നിയമാനുസരണമായ എല്ലാ രേഖകളും തയ്യാറാക്കിയ ശേഷം കുട്ടിയെ കൈമാറ്റം ചെയ്യുന്നു. കുട്ടിയെ കൈമാറ്റം ചെയ്യുന്നത് കുട്ടിയുടെ നന്മയ്ക്കും സുരക്ഷിതഭാവിക്കും വേണ്ടിയാണെന്നും ദത്ത് സംബന്ധിച്ച് നിയമപ്രകാരമുള്ള ഫീസല്ലാതെ യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടന്നിട്ടില്ല എന്നും ഇരുകക്ഷികളും അനുവാദം നല്‌കുന്നതിന് മുമ്പ് കോടതിയെ ബോദ്ധ്യപ്പെടുത്തേണ്ടതാണ്.

ദത്തെടുക്കലിനും ബന്ധപ്പെട്ട മറ്റാവശ്യങ്ങൾക്കുമായി സംസ്ഥാനത്ത് സംസ്ഥാന വിഭവ അതോറിറ്റി രാജ്യാന്തര ദത്തെടുക്കലിന് കേന്ദ്രവിഭവ അതോറിറ്റിയും കൂടാതെ ദത്തിനെ സഹായിക്കാൻ ശിശുക്ഷേമ സ്ഥാപനങ്ങളും സമിതികളും ദത്ത് ഏൻജസികളും നിലവിലുണ്ട്. ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട ദത്ത് നിയമങ്ങളും ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും ദത്തെടുക്കൽ പ്രക്രിയ നടത്താൻ കർശനമായി പാലിക്കേണ്ടതുണ്ട്. ഈ നിയമങ്ങൾക്കും ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും വിരുദ്ധമായി ദത്ത് നടപ്പിലാക്കിയാൽ അങ്ങനെ ചെയ്യുന്നവർക്ക് മൂന്നുവർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്നതാണ്.