 
മലയാള സിനിമയുടെ പ്രൗഢമുഖമായ സംവിധായകൻ കെ.എസ്. സേതുമാധവന്റെ
ഓർമ ചിത്രങ്ങൾ 
ചുറ്റുപാടുകളെ കൗതുകപൂർവം വീക്ഷിക്കുക, എന്നാൽ അവയിലൊന്നും പങ്കുചേരാതിരിക്കുക. ബാല്യം മുതൽ മനസിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ വാക്യമാണ് കെ.എസ്. സേതുമാധവൻ എന്ന സംവിധായകന്റെ മുതൽക്കൂട്ട്. എട്ടാം വയസിൽ അച്ഛൻ ഹൃദയസ്തംഭനം മൂലം പിടഞ്ഞു മരിക്കുമ്പോൾ ദുഃഖത്തേക്കാൾ മരണത്തിന്റെ കടന്നു കയറ്റത്തെ നേരിൽ നിന്ന് നിരീക്ഷിക്കാൻ കഴിഞ്ഞ വ്യക്തി. ആ നിരീക്ഷണ സ്വഭാവം തന്റെ ചലച്ചിത്ര ജീവിതത്തിൽ പുതിയൊരു അന്തരീക്ഷം സൃഷ്ടിക്കാൻ അദ്ദേഹത്തെ സഹായിച്ചിരിക്കണം. 1960 ലെ ആദ്യ സിംഹള ചിത്രമായ വീരവിജയ മുതൽ 1995-ൽ പുറത്തു വന്ന തെലുങ്കു ചിത്രമായ സ്ത്രീ വരെയുള്ള എഴുപതോളം ചിത്രങ്ങളിൽ ആ അന്തരീക്ഷം നിലനിർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരിക്കുന്നു.
ജീവിതത്തിൽ വളരെ സൂക്ഷിച്ചു മാത്രം ചുവടുകൾ വച്ചു നീങ്ങാറുള്ള സേതുമാധവനെ കാണുമ്പോൾ അടുത്തു പരിചയമുള്ളവർക്ക് ഒരു സംശയം തോന്നാം. ഈ മനുഷ്യൻ എങ്ങനെ സിനിമയിൽ വന്നുപെട്ടു? നാം കാണുന്ന സിനിമയുടെ ചുറ്റുപാടുകൾ വ്യത്യസ്തമാണല്ലോ. സൗകര്യം പോലെ കുതികാൽ വെട്ടി സ്ഥാനങ്ങൾ കരസ്ഥമാക്കാൻ ശ്രമിക്കുന്ന സിനിമാക്കാരുടെ പട്ടികയിലൊന്നും നമുക്ക് സേതുമാധവനെ കാണാനാവില്ല. പൊതുവിൽ അച്ചടക്കം കുറവായ സിനിമാരംഗത്തിന് ഈ മനുഷ്യൻ നൽകിയ പാഠം അതിരറ്റതാണ്. സിനിമയിലാണ് തന്റെ ഇടം എന്ന മനസിലാക്കിയ സേതുമാധവൻ തന്റെ എല്ലാമായ അമ്മയോട് അക്കാര്യം പറയുമ്പോൾ അവർക്ക് ഒന്നേ ഉപദേശിക്കാനുണ്ടായിരുന്നുള്ളു: ''സിനിമാ രംഗം നിന്നെപ്പോലുള്ളവർക്ക് ചേർന്നതല്ല. അതാണ് നിന്റെ തീരുമാനമെങ്കിൽ എനിക്ക് എതിർപ്പില്ല. പക്ഷേ നീയെനിക്കൊരു വാക്ക് തരണം, മനസ്സാക്ഷിക്കിണങ്ങാത്ത ഒന്നും ചെയ്യില്ലെന്ന്."" അമ്മയ്ക്ക് കൊടുത്ത വാക്ക് ഇദ്ദേഹം തന്റെ അവസാന വരെയും പാലിച്ചു. ആ വാക്കുകളുമായി കൂട്ടിവായിക്കാവുന്ന ഒരു വാചകമുണ്ട് ഗുരുതുല്യനായ, മഹാനായ സംവിധായകൻ ടി.ആർ. സുന്ദരത്തിന്റേതായി. ''കാമറയുടെ മുൻവശം ശ്രീകോവിലാണ്. അതിനെ മലിനമാക്കരുത്.""
പല ചിത്രങ്ങൾ ഒന്നിച്ചേറ്റെടുക്കുന്ന രീതിയോടും ഇദ്ദേഹം എതിരാണ്. ഒരിക്കൽ എം ജി ആറിന്റെ ചിത്രം ചെയ്യാനുള്ള ഓഫർ വന്നപ്പോൾ സേതുമാധവൻ അത് നിഷേധിച്ചത് മറ്റൊരു മലയാളത്തിന്റെ പണിയിലാണ് എന്നു പറഞ്ഞാണ്. ''ഒരു ചിത്രം തീർത്തു കൊടുക്കുന്നതു വരെ ഉറക്കം വരില്ല. അൾസേഷ്യൻ നായയെപ്പോലെ ജാഗ്രത പുലർത്തിയില്ലെങ്കിൽ ചിത്രം പാളിപ്പോയാലോ."" അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. സ്വന്തമായി ഇരുപത്തെട്ടോളം ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. 'നിജങ്കൾ" എന്ന തമിഴ് ചിത്രം മാത്രമാണ് പാളിപ്പോയത്. കൈയും തലയും പുറത്തിടരുത് എന്ന ചിത്രത്തിന്റെ റീമേക്ക്. തമിഴ്നാട് സർക്കാരിനു വേണ്ടി എടുത്ത ആ ചിത്രം ചില രാഷ്ട്രീയ കുതന്ത്രങ്ങളിൽ കുരുങ്ങിപ്പോയിരുന്നു. സോദ്ദേശ്യ ചിത്രമായിരുന്നതിനാൽ റിലീസ് ചെയ്യാനും കഴിഞ്ഞില്ല. ''ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പാളിച്ച എന്റേതാണ്."" സേതുമാധവൻ പറയുന്നു.
അപൂർണമായ ഒരു തിരക്കഥയുമായി സേതുമാധവൻ സെറ്റിലേയ്ക്ക് പോകാറില്ല. തിരക്കഥയുടെ മുകളിൽ സമഗ്രമായ ഒരു ഹോംവർക്ക്. തനിക്ക് കിട്ടിയ ശിക്ഷണത്തിൽ നിന്ന് അദ്ദേഹം സമ്പാദിച്ച നേട്ടങ്ങളാണ് ഇവയെല്ലാം. തന്റെ ഗുരുവായ രാംനാഥന്റെ ഉപദേശം ഇന്നും ഈ സംവിധായകൻ മനസ്സിൽ സൂക്ഷിക്കുന്നു: ''കണ്ണും കാതും തുറന്നു വയ്ക്കുക.""
ജീവിതത്തിൽ എന്നും സിംപ്ലിസിറ്റിയുടെ ഭാഗത്തായിരുന്നു സേതുമാധവൻ. ആർഭാട രഹിതമായ ജീവിതത്തോടായിരുന്നു എന്നും കമ്പം. തന്റെ അപ്രന്റീസ് കാലത്താണ് ഇത്തരത്തിലൊരു സ്വഭാവം പിടികൂടിയതെന്ന് അദ്ദേഹം പറയാറുണ്ട്. തന്റെ ഗുരുവായ രാംനാഥ് വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു. പൊട്ടിപ്പോയ ചെരുപ്പ് സ്വയം ആണിവച്ചടിച്ചു ശരിപ്പെടുത്തി നടക്കുന്നു. വ്യക്തി. മങ്കമ്മ ശപഥവും ചന്ദ്രലേഖയുമൊക്ക സംവിധാനം ചെയ്ത പ്രസിദ്ധനായ എസ് എസ് വാസൻ പോലും വളരെ ലാളിത്യത്തോടെയാണ് സ്റ്റുഡിയോ ഫ്ളോറിൽ വരുന്നത്. അവരെ ധിക്കരിച്ച് സ്റ്റൈലായി നടക്കാൻ തനിക്കാവുമായിരുന്നില്ല. സേതുമാധവന്റെ സിംപ്ലിസിറ്റി കണ്ടപ്പോൾ റിക്കോർഡിസ്റ്റ് രാമസ്വാമി പറഞ്ഞു, ''അവരൊക്കെ സ്റ്റൈലായി നടന്ന ശേഷമാണ് സിംപ്ലിസിറ്റിയുടെ പിന്നാലേ പോയതു. അതിനാൽ സേതു, നിന്റെ ഈ പരിപാടി ശരിയല്ല."" എങ്കിലും അതുവരെ താലോലിച്ച സിംപ്ലിസിറ്റി മാറ്റാനായില്ല. അതിപ്പോഴും തുടരുന്നുണ്ട്. സിനിമയിലെ മോടിയൊക്കെ കണ്ടിട്ടാണോ നീ സിനിമയിൽ പോയതെന്ന് ഒരിക്കൽ അമ്മ ചോദിച്ചപ്പോൾ വല്ലാതെ വിഷമിച്ചതായി അദ്ദേഹം  പറഞ്ഞിരുന്നു.
താൻ കാത്തുസൂക്ഷിച്ച സിംപ്ലിസിറ്റി സേതുമാധവന്റെ നിർമ്മാതാക്കൾക്കും ഗുണം ചെയ്തിട്ടേയുള്ളു. അനാവശ്യമായി ഫിലിം ഉപയോഗിക്കുന്നതിന് അദ്ദേഹം എതിരായിരുന്നു. താരബാഹുല്യമുള്ള മറുപക്കത്തിന് 18 റോൾ ഫിലിമാണ് ചെലവായത്. ചട്ടക്കാരിക്കും പണിതീരാത്ത വീടിനും 22 റോൾ വീതം. ഒരു പരീക്ഷണ ചിത്രമെന്ന നിലയിൽ ചിത്രീകരിച്ച പുനർജന്മത്തിന് 19 റോൾ. ചട്ടക്കാരിയുടെ ഹിന്ദിപ്പതിപ്പായ ജൂലിക്ക് 33 റോൾ. തന്റെ ചിത്രങ്ങൾക്ക് നൂറു കണക്കിന് റോൾ ഫിലിം ഉപയോഗിച്ചു ശീലിച്ച വാഹിനി സ്റ്റുഡിയോ ഉടമയും നിർമ്മാതാവുമായ നാഗി റെഡി അത്ഭുതത്തോടെ ചോദിച്ചത്രേ: ''ഇത്രയും കുറച്ചു ഫിലിം ഉപയോഗിച്ചാൽ പടം ഓടുമോ?"" ഉദയാ സ്റ്റുഡിയോയിൽ കൂട്ടുകുടുംബം ചിത്രീകരിക്കുകയാണ്. നെഗറ്റീവ് ഫിലിമിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ നിർമ്മാതാവ് കുഞ്ചാക്കോയ്ക്ക് ചെറിയൊരു സംശയം: ശാംരംഗപാണീ തിരക്കഥ മൊത്തം ചിത്രീകരിച്ചോ എന്ന് സംശയമുണ്ട്. എന്തായാലും ചിത്രം കണ്ട ശേഷമാണ് കുഞ്ചാക്കോയുടെ സംശയം തീർന്നത്.

മറുപക്കം എന്ന തമിഴ് ചിത്രത്തിന് ധനസഹായം ചെയ്തത് എൻ.എഫ്. ഡി.സിയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് സേതുമാധവൻ മിച്ചം വന്ന പണവും നെഗറ്റീവ് ഫിലിമും കൊണ്ട് എൻ.എഫ്.ഡി.സി ഓഫീസിൽ കയറിച്ചെന്നപ്പോൾ അത്ഭുതപ്പെട്ടുപോയതായി അന്നത്തെ ജനറൽ മാനേജർ ബാലകൃഷ്ണൻ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. എൻ.എഫ്. ഡി.സിയുടെ പണം വാങ്ങി സിനിമയെടുത്തിട്ട് കണക്കു പോലും കൊടുക്കാതെ മുങ്ങി നടക്കുന്നവരുടെ കാലത്താണ് സേതുമാധവന്റെ സത്യസന്ധതയെന്ന് ബാലകൃഷ്ണൻ ഓർമ്മിപ്പിക്കുന്നു.
ചിത്രീകരണ സമയത്ത് തനിക്കിണങ്ങാത്തതൊന്നും സെറ്റിൽ അദ്ദേഹം അനുവദിക്കില്ല. ഒരിക്കൽ സെറ്റിലെത്തിയ പത്രപ്രവർത്തകർ പുക വലിച്ചപ്പോൾ അദ്ദേഹം അവരോട് രഹസ്യമായി ചെന്നു പറഞ്ഞു: ''എനിക്ക് ആസ്മയുടെ ഉപദ്രവമുണ്ട്. അതിനാലാണ് സെറ്റിൽ പുകവലി പാടില്ല എന്ന തീരുമാനം ഞാൻ നടപ്പിലാക്കിയിട്ടുള്ളത്. അല്ലാതെ അതൊരു നിയമമല്ല."" ഇത്ര ശാന്തനായ ഒരു സംവിധായകനെ കണ്ടെത്തുക പ്രയാസം. താൻ ആവിഷ്ക്കരിക്കുന്ന രംഗങ്ങൾക്ക് തറവാടിത്തം ഉണ്ടായിരിക്കണമെന്ന ചിന്താഗതിക്കാരനാണ് ഇദ്ദേഹം. ഒരു കാരണവശാലും വിലകുറഞ്ഞ രംഗങ്ങൾ ആരും കണ്ടെത്തരുത്. നിലവാരം പരമപ്രധാനമാണ്. വിലകുറഞ്ഞ കോമഡി ചേർക്കുന്നതിലും താത്പര്യമില്ല.
കഥാപാത്രമായാലും മനസ്സാക്ഷിക്കിണങ്ങാത്തതൊന്നും ചെയ്യാൻ പാടില്ല. അതാണ് സേതുമാധവൻ ജീവിതത്തിൽ നിന്നു പഠിച്ച വലിയ പാഠം. ഒരിക്കൽ ഹിന്ദിച്ചിത്രമായ ജൂലിയുടെ (ചട്ടക്കാരിയുടെ റീമേക്ക്) റൊമാൻസ് ചിത്രീകരിക്കുമ്പോൾ നിർമ്മാതാവ് നാഗി റെഡ്ഡി അത്ഭുതത്തോടെ അഭിപ്രായപ്പെട്ടതിങ്ങനെയാണ്: ''സേതുവിന്റെ സ്വഭാവം വച്ചു നോക്കിയാൽ ഇത്തരമൊരു രംഗം സങ്കൽപ്പിക്കാൻ പോലും കഴിയില്ലല്ലോ.""
''ആഗ്രഹങ്ങൾ എനിക്ക് കുറവാണ്. അതിനാൽ ചെയ്യുന്ന പ്രവൃത്തിക്കു പോലും പണം ചോദിച്ചു വാങ്ങാൻ അറിയില്ല. പണം ചോദിക്കുന്നത് സ്വയം ഇകഴ്ത്തുന്ന പോലെയാണെനിക്ക്. ശമ്പളം വാങ്ങുന്നതിൽ തോറ്റവനാണ് ഞാൻ. 'ജീവിക്കാനറിയാത്ത ഒരച്ഛൻ എന്നാണ് എന്റെ മക്കൾ വിശേഷിപ്പിക്കുന്നത്."" അദ്ദേഹം പറയാറുണ്ട്. കാര്യമായ വ്യക്തി ബന്ധങ്ങളും കുറവാണ്. ആരുമായും അത്ര അടുപ്പമൊന്നും സൂക്ഷിക്കാറില്ല. ആകെക്കൂടി അടുപ്പമുള്ളത് തമിഴ് എഴുത്തുകാരൻ പ്രൊഫ. ഇന്ദിരാ പാർത്ഥസാരഥിയുമായാണ്. അവർ തമ്മിൽ സമാന്തരമായി നിരവധി അഭിരുചികളുണ്ട്. അദ്ദേഹവും ഒരു മിതഭാഷിയാണ്. നല്ല പ്രഭാഷകനുമല്ല. അദ്ദേഹത്തിന്റെ 'ഉച്ചിവെയിൽ" എന്ന നോവലാണ് സ്വർണകമൽ നേടിയ 'മറുപക്ക" മായി വന്നത്. എല്ലാം വെറും നിമിത്തങ്ങൾ.
ചലച്ചിത്ര താരങ്ങളുമായി കാര്യമായ ബന്ധമൊന്നും സൂക്ഷിക്കാറില്ല. സത്യനോട് സ്നേഹമുണ്ടായിരുന്നു. അത് അത്ര വലിയ അടുപ്പമായി വളർന്നിട്ടില്ല. ഇഷ്ടാനിഷ്ടങ്ങൾ വ്യത്യസ്തമാണെന്ന് സേതുമാധവൻ പറയാറുണ്ട്. പ്രേംനസീറുമായി അടുപ്പമുണ്ടെങ്കിലും അദ്ദേഹം എപ്പോഴും ബിസിയായിരിക്കും. പോയി കാണുന്ന പതിവില്ല. സൗഹൃദം പണിക്കിടയിലുള്ള സംഭാഷണത്തിലൊതുക്കുകയാണ് പതിവ്. കമലഹാസനെ തുടക്കത്തിൽ തന്നെ അടുപ്പമാണ്. പക്ഷേ ആവശ്യമുണ്ടെങ്കിൽ മാത്രം ബന്ധപ്പെടും. അതേപോല സിഗററ്റ് വലിക്കുന്ന കമ്പനിയിലോ മദ്യപാന സദസിലോ പങ്കെടുക്കാറില്ല. പണിയില്ലെങ്കിൽ പുസ്തകങ്ങളുമായി വീട്ടിൽ തന്നെ ഒതുങ്ങിയിരിക്കും.
പ്രകടനപരതയില്ലാത്ത ഈശ്വര വിശ്വാസിയാണ് സേതുമാധവൻ. ജ്യോത്സ്യത്തിലും വാസ്തുവിലുമൊക്ക ആവശ്യമായ, എന്നാൽ അമിതമല്ലാത്ത ധാരണ പുലർത്തുന്നുമുണ്ട്. സ്വന്തം അഭിപ്രായത്തിനാണ് എന്നും മുൻതൂക്കം. മോഡേൺ തിയേറ്റേഴ്സിൽ ഉള്ളപ്പോൾ ടി ആർ സുന്ദരം പോലും തനിക്കൊരു ബഹുമാനം തന്നിരുന്നതായി ഇദ്ദേഹം ഓർക്കാറുണ്ട്. കാക്ക പിടിക്കാനോ ഇടയ്ക്കു കയറി അഭിപ്രായം പറയാനോ പോകാറില്ല. മുകളിലൊരാൾ ഉണ്ടെങ്കിൽ മാറിനിൽക്കും. ഇതറിയാവുന്ന ടി.ആർ.എസ് തന്നെ പണിയേൽപ്പിച്ച് സ്ഥലം വിടുകയായിരുന്നു പതിവ്. അങ്ങനെയാണ് ആദ്യത്തെ സിംഹള ചിത്രം തനിക്ക് ലഭിക്കുന്നത്. എം.ജി.ആറിനെ നായകനാക്കി 'നാളൈ നമതേ" എന്ന ചിത്രം നിർമ്മിക്കാൻ തീരുമാനിക്കുമ്പോൾ അതുമായി പൊരുത്തപ്പെടാൻ ആദ്യം ബുദ്ധിമുട്ടായി. അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിക്കാനൊന്നും തന്നെ കിട്ടില്ല എന്ന വാശി. മാത്രമല്ല കഥയും തന്റെ സ്റ്റൈലിൽ നിന്ന് വ്യത്യസ്തം. അനുജൻ മൂർത്തിയാണ് എം.ജി.ആറിനെ കണ്ടത്. അണ്ണൻ താനേ ഡയറക്ഷൻ എന്നദ്ദേഹം ചോദിക്കുകയും ചെയ്തു. സെൻട്രൽ സ്റ്റുഡിയോയിൽ വച്ച് അപ്രന്റീസായിരുന്ന സമയത്തു പോലും മിസ്റ്റർ എം ജി ആർ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു. ഒടുവിൽ അമ്മ പറഞ്ഞു, ''എം ജി ആർ വലിയൊരു നേതാവാണ് എന്ന കാര്യം നീ വിസ്മരിക്കരുത്."" ഒടുവിൽ ഞാൻ ഓകെ പറഞ്ഞു.
ചിത്രീകരണം തുടങ്ങിയപ്പോഴാണ് എം.ജി.ആറിന്റെ സവിശേഷത അറിയുന്നത്. മേക്കപ്പ് ടെസ്റ്റിനു പോലും അദ്ദേഹം വന്നു. മലയാളത്തിൽ പുതിയൊരു പയ്യനെ മേക്കപ്പ് ടെസ്റ്റിനു വിളിച്ചപ്പോൾ എനിക്കെന്തിനാ മേക്കപ്പ് ടെസ്റ്റ്, അതു പലരും എടുത്തിട്ടുണ്ടല്ലോ എന്ന് ചോദിച്ച അനുഭവം സേതുമാധവൻ പറഞ്ഞിട്ടുണ്ട്.