
കഥ ജീവനാണ്; പക്ഷേ ജീവനം തന്നുകൊള്ളണമെന്നില്ല. തരക്കേടില്ലാത്ത ഒരു ജോലി വിട്ടിറങ്ങിയപ്പോൾ കൊവിഡ് യുഗം. അന്തക്കാലം കടക്കാൻ സിനിമ പാലമായി. വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന രണ്ടു കൊല്ലം ഞാൻ ക്യാമറാമാൻ വേണുച്ചേട്ടന്റെ കീഴിൽ തിരക്കഥാ അധ്യയനത്തിലായിരുന്നു. ഡിഗ്രിയൊന്നും തന്നില്ല. പകരം ഏപ്രിലിൽ തുടങ്ങാനിരിക്കുന്ന കാപ്പ എന്ന മൾട്ടിസ്റ്റാർ പടത്തിൽ കഥയും തിരക്കഥയും സംഭാഷണവും വയ്ക്കുന്നുണ്ട്. എന്റെ ശംഖുമുഖി എന്ന ചെറുനോവലാണ് അടിസ്ഥാനം.
പിന്നെ നടന്നത്, നടക്കാനിരിക്കുന്നത്...
ചെന്നായ എന്ന പേരിലെഴുതിയ ചെറുകഥ വൂൾഫ് എന്ന പേരിൽ കൊവിഡ് കാലത്ത് ഒ.ടി.ടിയിൽ ചലച്ചിത്രമായി. അമ്മിണി വെട്ടുകേസ് എന്ന ചെറുകഥ തെക്കൻ തല്ലുകേസ് എന്ന പേരിൽ കൊടുങ്ങല്ലൂരിൽ ചിത്രീകരണം നടക്കുന്നു. 'കാപ്പ'യ്ക്കു പിന്നാലെ വിലായത്ത് ബുദ്ധ എന്ന നോവൽ സിനിമയാകുന്നു. അന്തരിച്ച സച്ചി ചെയ്യാൻ വാങ്ങിയ പുസ്തകം അദ്ദേഹത്തിന്റെ ശിഷ്യനും സുഹൃത്തുക്കളും ചേർന്നെടുക്കുന്നു. പ്രീ പ്രൊഡക്ഷൻ പുരോഗമിക്കുന്നു.
പിന്നാലെ ചിലതുണ്ട്. അടുത്ത കൊല്ലവും പറയാൻ വേണ്ടേ?
ഇടയ്ക്ക് സിനിമ വിട്ട് നമ്മൾ സ്വന്തം ഉയിരിലേക്ക് മടങ്ങിവരാറുണ്ട്. കഥകളായി 'കരിമ്പുലി, ചെറുനോവലായി 'സ്‌കാവഞ്ചർ...' (ഇത് ഉടൻ പുസ്തകമാകുന്നു). പിന്നാലെ പുതുവത്സരത്തിൽ ഒരു നീണ്ടകഥയും വരുന്നു– റോ റോ എക്‌സ്‌പ്രസ്. അതിലും പ്രധാനം ഇനിയാണ്. ഒരു നോവൽ തുടങ്ങുന്നു; ഖണ്ഡശഃ. അഞ്ഞൂറു കൊല്ലം മുമ്പത്തെ കഥയാണ്. ഒരു ആനക്കഥ.