farmer

കാർഷിക അനുബന്ധ മേഖലകളുടെ സമഗ്രവികസനത്തിലൂടെ കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുകയും യുവതലമുറയെ കൃഷിയിലേക്ക് കൂടുതൽ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുന്ന സംവിധാനമാണ് കേരളത്തിന് ഇനി ആവശ്യം. കാർഷിക മേഖലയിലെ വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാർഷിക വികസന ഏജൻസികളും ചേർന്നുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്ന സംവിധാനമൊരുക്കണം.

പ്രതിമാസം ശരാശരി 800 കോടി രൂപയുടെ അരിയും,​ 1200 കോടിയുടെ മാംസ ഉത്പന്നങ്ങളും 484 കോടി രൂപയ്ക്കുള്ള മുട്ടയും 500 കോടിയുടെ കാലിത്തീറ്റയും പുല്ലും വയ്‌ക്കോലും 400 കോടി രൂപയ്ക്ക് പച്ചക്കറിയും അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നുണ്ട്. പുറമേ,​ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളായി പ്രതിമാസം 1000 കോടി രൂപയുടെ മൂല്യമുള്ള സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നു. ഒരു ശരാശരി മലയാളിക്കായി പ്രതിമാസം 2000 രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കൾ മറ്റിടങ്ങളിൽ നിന്നെത്തുന്നു എന്ന് അർത്ഥം!

(കർഷക ക്ഷേമ ബോർഡ് ചെയർമാൻ ആണ് ലേഖകൻ)​

നമുക്കു വേണ്ടത്

ഇവിടെത്തന്നെ

കേരളത്തിന്റെ സ്ഥലവിസ്തൃതി പരിമിതമാണെങ്കിലും ഇന്നത്തെ സ്ഥിതിയിൽ ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ പകുതിയിലധികവും ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാകും. കർഷകനെ സംബന്ധിച്ച് ഉത്പന്നങ്ങളുടെ വിലക്കുറവും,​ സംസ്‌കരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിപണനം നടത്താനുള്ള സൗകര്യക്കുറവുമാണ് പ്രശ്നം. താങ്ങുവിലയും സംഭരണവും ഒരു പരിധി വരെ ആശ്വാസമാണെങ്കിലും,​ നെല്ലൊഴികെ മറ്റു വിളകൾക്ക് പ്രതീക്ഷിച്ച പ്രയോജനമില്ല.

കർഷകനെയോ കർഷക കൂട്ടായ്മയെയോ സംരംഭകരാക്കുകയും സംഭരണ,​ സംസ്‌കരണ,​ വിപണന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്താൽ കൃഷി ആദായകരമാക്കാം. ഉത്പാദനച്ചെലവും അതിന്റെ പകുതിയും കൂട്ടിയുള്ള താങ്ങുവില നൽകിയാലേ ഇതു സാദ്ധ്യമാകൂ. ക‌‌ൃഷിച്ചെലവ് കുറയ്ക്കാൻ ലഘു യന്ത്രങ്ങൾ വികസിപ്പിച്ച് കർഷകർക്ക് ലഭ്യമാക്കണം.

അരി ഉത്പാദനം

കൂട്ടണം


ഭക്ഷ്യവിളകൾക്ക് പ്രാധാന്യം കൊടുത്തും പരമാവധി തരിശുനിലങ്ങൾ കൃഷിക്ക് ഉപയോഗിച്ചും നെല്ലുത്പാദനം കൂട്ടണം. നിലവിലെ കൃഷിസ്ഥലത്തു നിന്നു പോലും നമ്മുടെ അരിയുടെ ആവശ്യത്തിന്റെ പകുതി ഉത്പാദിപ്പിക്കാൻ പ്രയാസമില്ല. നെൽപ്പാടങ്ങളിൽ പകുതി സ്ഥലത്തുകൂടി രണ്ടാം വിള കൃഷി ചെയ്യണം. ജലസേചന സൗകര്യം ശാസ്ത്രീയമായി ക്രമീകരിച്ചാൽ ഇതിലുമധികം ഉത്പാദിപ്പിക്കാം.


കിഴങ്ങു വർഗ്ഗങ്ങൾ, പയർ വർഗ്ഗങ്ങൾ, ചിലയിനം പച്ചക്കറികൾ ഇവ മൂന്നാം വിളയായി നെൽപ്പാടങ്ങളിലും ഇടവിളയായി തെങ്ങിൻ തോപ്പുകളിലും കൃഷി ചെയ്യാം. കാലവസ്ഥാ വ്യതിയാനം നേരിടാൻ ഇടവിളക്കൃഷി,​ വ്യതിയാനം ബാധിക്കാത്ത മറ്റു വിളകൾ, ചെറുക്കാൻ കഴിവുള്ള ഇനങ്ങൾ, നടീൽ വസ്തുക്കൾ ഇവ ഉപയോഗിക്കാം. ഒപ്പം ഉപതൊഴിലുകളും കാലി വളർത്തൽ, കോഴി വളർത്തൽ, തേനീച്ചക്കൃഷി,​ കൂൺ കൃഷി തുടങ്ങിയ മാർഗങ്ങളും സ്വീകരിച്ച് വിളവരുമാനക്കുറവ് നികത്താം.

മികച്ച ഇനം വിത്തും, നടീൽവസ്തുക്കളും ഉത്പാദനോപാധികളും സമയബന്ധിതമായി കർഷകനു കിട്ടുന്ന രീതിയിൽ പ്രാദേശിക ആവശ്യം കണക്കാക്കി ലഭ്യമാക്കണം. ഓരോ പഞ്ചായത്തിനും വേണ്ട ജൈവവളം, കീടനാശിനികൾ, മറ്റു രാസവസ്തുക്കൾ, വിത്ത്, നടീൽവസ്തുക്കൾ, വളം തുടങ്ങി എല്ലാറ്റിനും ഒരു ബ‌ഡ്ജറ്റ് തയ്യാറാക്കി മുന്നോട്ടു പോകണം. ഒരു ജില്ലയ്ക്ക് ആവശ്യമായ പച്ചക്കറിയും പഴവർഗ്ഗങ്ങളും ഉണ്ടാക്കാൻ 10, 15 പഞ്ചായത്തുകൾ വിചാരിച്ചാൽ മതി.

കോർപ്പറേഷൻ, മുനിസിപ്പൽ ടൗണുകളെ ഒഴിവാക്കുക. ഈ സ്ഥലങ്ങളിൽ വീട്ടുവളപ്പിലോ ടെറസ്സിലോ ഒക്കെ കൃഷിക്ക് താത്പര്യമുള്ളവർ ചെയ്യട്ടെ.