
ന്യൂഡൽഹി: നികുതി വരുമാനം കൂടിയതോടെ കേന്ദ്രസർക്കാരിന്റെ ധനക്കമ്മി നടപ്പു സാമ്പത്തിക വർഷത്തെ (2021-22) ബഡ്‌ജറ്റ് ലക്ഷ്യത്തിന്റെ 46.2 ശതമാനമായി താഴ്‌ന്നു. ഏപ്രിൽ-നവംബറിൽ 6.96 ലക്ഷം കോടി രൂപയാണ് ധനക്കമ്മി. 15.07 ലക്ഷം കോടി രൂപയാണ് ബഡ്‌ജറ്റിലെ ലക്ഷ്യം. കഴിഞ്ഞവർഷം ഏപ്രിൽ-നവംബറിൽ ധനക്കമ്മി ബഡ്‌ജറ്റ് ലക്ഷ്യത്തിന്റെ 135.1 ശതമാനമായിരുന്നു. നടപ്പുവർഷത്തെ ആദ്യ എട്ടുമാസക്കാലത്ത് കേന്ദ്രസർക്കാരിന്റെ ചെലവ് 20.75 ലക്ഷം കോടി രൂപയാണ്; നികുതി വരുമാനം 11.35 ലക്ഷം കോടി രൂപയും.
അതേസമയം, ഇന്ത്യയുടെ കറന്റ് അക്കൗണ്ട് ബാലൻസ് വീണ്ടും കമ്മിയിലേക്ക് (നെഗറ്റീവ്) വീണു. നടപ്പുവർഷം (2021-22) ജൂലായ്-സെപ്‌തംബർപാദത്തിൽ 960 കോടി ഡോളറാണ് കറന്റ് അക്കൗണ്ട് കമ്മി. വിദേശ നാണയവരുമാനവും ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായുള്ള വിദേശനാണയ ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് ബാലൻസ്. ഏപ്രിൽ-ജൂൺപാദത്തിൽ കറന്റ് അക്കൗണ്ട് ബാലൻസ് സർപ്ളസായിരുന്നു; 660 കോടി ഡോളർ. 2020ലെ സെപ്‌തംബർപാദത്തിൽ സർപ്ളസ് 1,530 കോടി ഡോളറായിരുന്നു.
ജൂലായ്-സെപ്‌തംബർപാദത്തിൽ വ്യാപാരക്കമ്മി (ഇറക്കുമതി ചെലവിനേക്കാൾ കുറഞ്ഞതലത്തിൽ കയറ്റുമതി വരുമാനം) 3,070 കോടി ഡോളറിൽ നിന്ന് 4,440 കോടി ഡോളറിലേക്ക് ഉയർന്നതാണ് കറന്റ് അക്കൗണ്ട് കമ്മി കൂടാനിടയാക്കിയത്.