
പിടികൂടിയത് 96.100 കിലോ കഞ്ചാവ്
കൊച്ചി: ഇടപ്പള്ളി സെന്റ് ജോർജ്ജ് പള്ളിയുടെ പുറകിലെ സൗഹൃദലൈനിൽ ചേരാനല്ലൂർ എടയക്കുന്നം സ്വദേശി പള്ളിപ്പറമ്പിൽ ബേബിക്കുഞ്ഞ് എന്ന ബേബി വാടകയ്ക്കെടുത്ത വീട്ടിൽനിന്ന് 94 കിലോ കഞ്ചാവും പറവൂർ ചേന്ദമംഗലം സ്വദേശി ലിബിനിൽനിന്ന് 2.100 കിലോ കഞ്ചാവും പിടികൂടി എക്സൈസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ലിബിനെ റിമാൻഡ് ചെയ്തു. ബേബികുഞ്ഞാണ് ലിബിന് വില്പനയ്ക്കായി കഞ്ചാവ് നൽകിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു.
നേരത്തെ കഞ്ചാവുകേസിൽ അറസ്റ്റിലായിരുന്ന ലിബിൻ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട് ബേബി ഓടി രക്ഷപെടുകയായിരുന്നു. സൗഹൃദലൈനിലെ വീട്ടിലും ഇവിടെ പാർക്കുചെയ്ത ആൾട്ടോ കാറിലുമായിരുന്നു കഞ്ചാവ്.
ന്യൂ ഇയർ ലക്ഷ്യമിട്ടാണ് വൻതോതിൽ കഞ്ചാവ് വരുത്തി വില്പനയ്ക്ക് സൂക്ഷിച്ചത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഇൻസ്പെക്ടർ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നോർത്ത് പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോൻ, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർ എം.എം. അരുൺകുമാർ, പി.എസ്. ബസന്ത്കുമാർ, യുനൈസ്, പറവൂർ സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി.എസ്. ഹനീഷ്, സി.ഇ.ഒമാരായ എൻ.കെ. സാബു, ബിനു മാനുവൽ, സി.ജി. ഷാബു, രാജി ജോസ്, എം.എ. ധന്യ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.