
കുന്നംകുളം: പൊലിസ് പരിശോധനയ്ക്കിടെ വൻ ലഹരി മരുന്നുമായി മൂന്ന് പേരെ കുന്നംകുളം അഡീഷണൽ എസ്.ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തു. പയ്യൂർ മമ്പറമ്പത്ത് വീട്ടിൽ മുകേഷ് (23), മമ്മശ്രയില്ലാത്ത് വീട്ടിൽ അബു ചെമ്മണ്ണൂർ (26), ഉങ്ങുങ്ങൽ വീട്ടിൽ അരുൺ (21) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ പൊലിസ് വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും അതിമാരക മയക്കുമരുന്നായ 3.67 ഗ്രാം എം.ഡി.എം.എയും അരക്കിലോ കഞ്ചാവും കഞ്ചാവ് ലേഹ്യവും പൊലിസ് പിടിച്ചെടുത്തു. 12 പായ്ക്കറ്റുകളിലായാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. ബാംഗ്ലൂരിൽ നിന്നും ചെറിയ വിലയ്ക്ക് വാങ്ങി വൻ തുകയ്ക്കാണ് സംഘം മേഖലയിൽ വിൽപ്പന നടത്തി വന്നിരുന്നതെന്ന് പൊലിസ് പറഞ്ഞു. വിൽപ്പനയ്ക്കായി ഇവർ ഉപയോഗിച്ചിരുന്ന കാറും ആഡംബര ബൈക്കുകളുമുൾപ്പെടെ അഞ്ചോളം വാഹനങ്ങൾ പൊലിസ് കസ്റ്റഡിയിലെടുത്തു. പൊലിസ് ജീപ്പ് വരുന്നത് കണ്ട് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇവർ ലഹരി ഉത്പ്പന്നങ്ങൾ വാങ്ങാൻ വന്നവരാണെന്നാണ് പ്രാഥമിക നിഗമനം. രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം ഊർജിതമാക്കി. പുതുവത്സരത്തിന്റെ ഭാഗമായി കുന്നംകുളം പൊലിസ് സ്റ്റേഷൻ പരിധിയിൽ പൊലിസ് വ്യാപക പരിശോധന നടത്തി വരികയാണ്. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കുന്നുകുളം സി.ഐ വി.സി. സൂരജ് പറഞ്ഞു. സബ് ഇൻസ്പെക്ടർമാരായ ഗോപിനാഥൻ, ബസന്ത്, എ.എസ്.ഐ ഗോകുലൻ, സീനിയർ സി.പി.ഒമാരായ അബ്ദുൽ റഷീദ്, സന്ദീപ്, സി.പി.ഒമാരായ ഹംദ്. ഇ.കെ, സുജിത് കുമാർ.എസ് എന്നിവരും പൊലിസ് സംഘത്തിൽ ഉണ്ടായിരുന്നു.