
തിരുവനന്തപുരം: രാഷ്‌ട്രപതി റാം നാഥ് കോവിന്ദിന് ഡി.ലിറ്റ് നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശത്തോട് താൽപര്യമില്ലെന്ന് പ്രതികരിച്ച് കേരള സർവകലാശാല. വൈസ് ചാൻസിലർ ഡോ.വി.പി മഹാദേവൻ പിളളയാണ് ഈ തീരുമാനം ഗവർണറെ നേരിട്ടെത്തി അറിയിച്ചത്. മറുപടി രേഖാമൂലം ഗവർണർ വാങ്ങിയതായാണ് സൂചന. മുൻപ് വി.സിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് രാഷ്‌ട്രപതിയ്‌ക്ക് ഡി.ലിറ്റ് നൽകുന്നതിനുളള താൽപര്യം ഗവർണർ അറിയിച്ചത്.
സർവകലാശാലയുടെ മറുപടിയെത്തുടർന്ന് നേരത്തെ കാലടി സംസ്കൃത സർവകലാശാലയിൽ ചാൻസലർ അംഗീകാരം നൽകിയ ഡി.ലിറ്റ് ബിരുദദാനത്തിനുളള തീയതി ഗവർണർ മരവിപ്പിച്ചു. മുൻ വി.സി ഡോ.എൻ.പി ഉണ്ണി, നടി ശോഭന, ഡോ.ടി.എം കൃഷ്‌ണ എന്നിവർക്ക് ഡി.ലിറ്റ് നൽകുന്നതാണ് നീട്ടിവച്ചത്.
കേരള സർവകലാശാലയിൽ ഡി.ലിറ്റ് നൽകാൻ വി.സി ഡോ. വി.പി മഹാദേവൻ പിളളയ്‌ക്ക് എതിർപ്പില്ലെങ്കിലും രാഷ്‌ട്രപതിയുടെ രാഷ്‌ട്രീയ നിലപാടിനോടുളള എതിർപ്പുകൊണ്ട് സർക്കാരിനും സിൻഡിക്കേറ്റിനും താൽപര്യമില്ലെന്നാണ് സൂചന.
ഇക്കാര്യങ്ങളെക്കുറിച്ചാണ് വി.സി ഗവർണറെ അറിയിച്ചിരുന്നത്. എന്നാൽ ഇക്കാര്യങ്ങൾ യോഗം ചേർന്ന് തീരുമാനിച്ചതല്ല, യോഗം ചേർന്ന് സർക്കാരിന് രാഷ്‌ട്രപതിയോട് എതിർപ്പുണ്ടെന്ന് അറിയിക്കുക ഒഴിവാക്കാനായി യോഗം തന്നെ വേണ്ടെന്നുവച്ചിരുന്നു. ഇതിനോട് രാജ്യത്തിന്റെ അഭിമാനം മാനിച്ച് എല്ലാം താൻ തുറന്നുപറയുന്നില്ലെന്ന് ഗവർണർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചാൻസിലർ പദവിയെ ചൊല്ലി സർക്കാരും ഗവർണറും തമ്മിലെ അനിശ്ചിതത്വം ഇതിനിടെ ഇപ്പോഴും തുടരുകയാണ്.